ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയുമായി തിളങ്ങിയ ട്രാവിസ് ഹെഡിനെ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ആദം ഗില്‍ ക്രിസ്റ്റുമായി താരതമ്യപ്പെടുത്തി റിക്കി പോണ്ടിങ്. കലാശപ്പോരില്‍ കെന്നിങ്‌ടണ്‍ ഓവലില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനെത്തിയ ഓസ്‌ട്രേലിയയ്‌ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ട്രാവിസ് ഹെഡ് പുറത്തെടുത്തത്. 76-3 എന്ന നിലയിലേക്ക് ഓസീസ് വീണപ്പോഴായിരുന്നു ഹെഡ് ക്രീസിലേക്കെത്തിയത്.
പിന്നാലെ ഇന്ത്യന്‍ ബോളര്‍മാരെ കടന്നാക്രമിച്ച ഹെഡ് അനായാസം റണ്‍സ് ഉയര്‍ത്തുകയായിരുന്നു. മത്സരത്തില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഹെഡ് നേരിട്ട 106-ാം പന്തില്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കി. ഹെഡ് അതിവേഗത്തില്‍ റണ്‍സ് അടിച്ചെടുക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു റിക്കി പോണ്ടിങ്ങിന്‍റെ പ്രതികരണം.
'ഗില്‍ക്രിസ്റ്റ് എങ്ങനെയായിരുന്നോ കളിച്ചിരുന്നത് അതിന് സമാനമായ രീതിയിലാണ് അവനും റണ്‍സടിക്കുന്നത്. ഒരുപക്ഷെ ഹെഡ് ഗില്‍ക്രിസ്റ്റ് റണ്‍സടിച്ചതിനേക്കാള്‍ വേഗത്തില്‍ തന്നെ സ്‌കോര്‍ ചെയ്യുന്നുണ്ടാകാം. ഈ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടൂര്‍ണമെന്‍റില്‍ 81 ആണ് അവന്‍റെ സ്‌ട്രൈക്ക് റേറ്റ്.
ടെസ്റ്റ് ക്രിക്കറ്റില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്‌തിട്ടുള്ള മറ്റേത് താരത്തേക്കാളും ഉയര്‍ന്ന ബാറ്റിങ് പ്രഹരശേഷിയാണ് ഇത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ട്രാവിസ് ഹെഡ് നടത്തുന്നത്. മത്സരം പുരോഗമിക്കുന്നതിനനുസരിച്ച് അവന്‍റെ ആത്മവിശ്വാസവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.