കേരളം

kerala

ETV Bharat / sports

WTC Final | 'ഐപിഎല്ലിലെ പ്രകടനങ്ങള്‍ അവനെ കൂടുതല്‍ സ്വതന്ത്രനാക്കി': അജിങ്ക്യ രഹാനെയ്‌ക്ക് പ്രശംസയുമായി രവി ശാസ്‌ത്രി - രവി ശാസ്‌ത്രി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെയുടെ ഇന്നിങ്‌സാണ് കൂട്ടത്തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ രക്ഷിച്ചത്.

WTC Final  Ajinkya Rahane  Ravi Shastri  icc  icc test championship  icc wtc 2023  INDIA vs AUSTRALIA  അജിങ്ക്യ രഹാനെ  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്  ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍  ഇന്ത്യ vs ഓസ്‌ട്രേലിയ  രവി ശാസ്‌ത്രി  ഇന്ത്യന്‍ ക്രിക്കറ്റ് ടീം
Ajinkya Rahane

By

Published : Jun 10, 2023, 9:42 AM IST

ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്‍റെ ഒന്നാം ഇന്നിങ്‌സിലെ തകര്‍പ്പന്‍ പ്രകടനത്തിന് അജിങ്ക്യ രഹാനെയെ വാഴ്‌ത്തി ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. കെന്നിങ്‌ടണ്‍ ഓവലില്‍ പുരോഗമിക്കുന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധസെഞ്ച്വറിയുമായി തിളങ്ങാന്‍ രഹാനെയ്‌ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ അഞ്ചാമനായി ക്രീസിലെത്തിയ താരം 89 റണ്‍സ് നേടിയാണ് പുറത്തായത്.

അഞ്ചാം വിക്കറ്റില്‍ രവീന്ദ്ര ജഡേജയ്‌ക്കൊപ്പവും ഏഴാം വിക്കറ്റില്‍ ശര്‍ദുല്‍ താക്കൂറിനൊപ്പവും മികച്ച രണ്ട് കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാനും രഹാനെയ്‌ക്ക് സാധിച്ചു. ഈ രണ്ട് കൂട്ടുകെട്ടുകളാണ് മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ഭേദപ്പെട്ട ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ സമ്മാനിച്ചത്. രഹാനെ പുറത്തായതിന് പിന്നാലെ 35 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയ്‌ക്ക് പിന്നീട് നേടാനായത്.

'മനോഹരമായാണ് അജിങ്ക്യ രഹാനെ ബാറ്റ് ചെയ്‌തത്. അവന്‍റെ ചിന്തയും തന്ത്രങ്ങളും മികച്ചതായിരുന്നു. ആക്രമിച്ച് കളിക്കാന്‍ അവന്‍ ശ്രദ്ധിച്ചു. എപ്പോഴും റണ്‍സിനുവേണ്ടി ശ്രമിച്ചുകൊണ്ടേയിരുന്നു. രഹാനെയുടെ പ്രകടനം താക്കൂറിനെയും സ്വാധീനിച്ചു. ഇരുവരുടെയും മികച്ച കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ നിലയിലേക്ക് എത്തിച്ചത്...' -രവി ശാസ്‌ത്രി പറഞ്ഞു.

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി നടത്തിയ പ്രകടനങ്ങള്‍ രഹാനെയെ കൂടുതല്‍ സ്വതന്ത്ര്യത്തോടെ ബാറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചെന്നും രവി ശാസ്‌ത്രി അഭിപ്രായപ്പെട്ടു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി 326 റണ്‍സാണ് അജിങ്ക്യ രഹാനെ അടിച്ചെടുത്തത്. ഫൈനലിലുള്‍പ്പടെ ചെന്നൈക്കായി നിര്‍ണായക പ്രകടനങ്ങള്‍ കാഴ്‌ചവയ്‌ക്കാനും താരത്തിനായിരുന്നു.

'ടീമില്‍ നിന്നും പുറത്തായതിന് പിന്നാലെ അവന്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു, അവസരത്തിനായി കാത്തിരുന്നു. ഈ ഐപിഎല്‍ അവന് തന്‍റെ കംഫര്‍ട്ട് സോണിന് പുറത്തുവന്ന് കളിക്കാനുള്ള അവസരമാണ് ഒരുക്കി നല്‍കിയത്. ഇപ്പോള്‍ സ്വതന്ത്രമായാണ് രഹാനെ കളിക്കുന്നത്.

പലരും അവനെ തിരിച്ചുവരവിന്‍റെ രാജാവ് എന്നാണ് വിളിച്ചത്. എന്നാല്‍, അയാള്‍ ഒരു കംപ്ലീറ്റ് ടീം മാന്‍ ആണ്. ടീമിന് വേണ്ടി എന്ത് ചെയ്യാനും രഹാനെ ഒരുക്കമായിരിക്കും' -രവി ശാസ്‌ത്രി കൂട്ടിച്ചേര്‍ത്തു.

ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്‌ക്ക് ശേഷം അജിങ്ക്യ രഹാനെ ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ച ആദ്യത്തെ ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്. തനിക്ക് ആവശ്യമായ സമയം എടുത്തായിരുന്നു താരം റണ്‍സ് അടിച്ചുതുടങ്ങിയത്. ലഭിച്ച അവസരങ്ങളെല്ലാം കൃത്യമായി മുതലാക്കാനും രഹാനെയ്‌ക്കായി.

മൂന്നാം ദിനത്തിന്‍റെ തുടക്കത്തില്‍ തന്നെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎസ് ഭരതിനെ നഷ്‌ടപ്പെട്ടതോടെ ഏറെക്കുറെ സമ്മര്‍ദത്തിലായിരുന്നു താരം. എന്നാല്‍ തകര്‍പ്പന്‍ ബാറ്റിങ്ങിലൂടെ ഇതിനെ മറികടക്കാന്‍ താരത്തിനായി. ആക്രമണോത്സാഹ ബാറ്റിങ്ങായിരുന്നു രഹാനെ ഓസീസ് ബൗളര്‍മാര്‍ക്കെതിരെ പുറത്തെടുത്തത്.

ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സിനെ സിക്‌സ് പറത്തിക്കൊണ്ടായിരുന്നു താരം അര്‍ധസെഞ്ച്വറി ആഘോഷിച്ചത്. എന്നാല്‍ അര്‍ഹിച്ച സെഞ്ച്വറിക്ക് 11 റണ്‍സ് അകലെ പാറ്റ് കമ്മിന്‍സ് തന്നെ രഹാനെയെ ക്രിസ് ഗ്രീനിന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. മൂന്നാം ദിവസത്തിലെ രണ്ടാം സെഷനിലായിരുന്നു രഹാനെ പുറത്തായത്.

Also Read :WTC Final | ഓസ്‌ട്രേലിയ '450 അടിച്ചാലും ഞങ്ങള്‍ തിരിച്ചടിക്കും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് ശര്‍ദുല്‍ താക്കൂര്‍

ABOUT THE AUTHOR

...view details