ഓവല്‍:ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ മോശം പ്രകടനത്തിന് ഇന്ത്യന്‍ ബാറ്റര്‍മാര്‍മാരായ ശുഭ്‌മാന്‍ ഗില്ലിനെയും ചേതേശ്വര്‍ പുജാരയേയും വിമര്‍ശിച്ച് രവി ശാസ്‌ത്രി. മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഓസ്‌ട്രേലിയയെ 469 റണ്‍സില്‍ പുറത്താക്കിയ ശേഷം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്ക് വേണ്ടി ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ തരക്കേടില്ലാത്ത പ്രകടനമായിരുന്നു ആദ്യം നടത്തിയത്. എന്നാല്‍, പിന്നീട് സ്കോട്ട് ബോളണ്ടിന്‍റെ പന്ത് തെറ്റായി വിലയിരുത്തിയ താരം വിക്കറ്റായി തിരികെ പവലിയനിലേക്ക് മടങ്ങുകയായിരുന്നു.
രണ്ടാം ദിനത്തില്‍ ചായയ്‌ക്ക് പിരിയും മുന്‍പ് തന്നെ ഇന്ത്യയ്‌ക്ക് തങ്ങളുടെ രണ്ട് ഓപ്പണര്‍മാരെയും നഷ്‌ടമായി. പിന്നീട് വിരാട് കോലിയും ചേതേശ്വര്‍ പുജാരയുമാണ് ബാറ്റിങ് തുടര്‍ന്നത്. ചായ ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയതിന് പിന്നാലെ ഗില്‍ ചെയ്‌ത അതേ പിഴവ് ചേതേശ്വര്‍ പുജാരയും ആവര്‍ത്തിച്ചു.
കാമറൂണ്‍ ഗ്രീന്‍ എറിഞ്ഞ 14-ാം ഓവറിലെ അഞ്ചാം പന്തിന്‍റെ വരവ് തെറ്റായി വിലയിരുത്തിയ വെറ്ററന്‍ ബാറ്റര്‍ കാമറൂണ്‍ ഗ്രീനിന് വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. 14 റണ്‍സ് മാത്രമായിരുന്നു ഇന്ത്യയുടെ വിശ്വസ്‌തനായ മധ്യനിര താരത്തിന് നേടാനായത്. ഇതിന് പിന്നാലെയാണ് കമന്‍ററി ബോക്‌സിലുണ്ടായിരുന്ന രവി ശാസ്‌ത്രി വിമര്‍ശനവുമായി രംഗത്തെത്തിയത്. ഗില്‍ ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും എന്നാല്‍ ഈയൊരു രീതിയില്‍ പുജാര പുറത്തായത് നിരാശജനകം ആണെന്നും അദ്ദേഹം പറഞ്ഞു.
'മോശമായ രീതിയിലാണ് പന്തിനെ ലീവ് ചെയ്യാന്‍ ശ്രമിച്ചത്. പന്തിന് നേരേ വേണമായിരുന്നു അവന്‍ കളിക്കേണ്ടിയിരുന്നത്. ആദ്യം കളിക്കാന്‍ തന്നെയായിരുന്നു തീരുമാനിച്ചത്. പിന്നീടാണ് പന്ത് ലീവ് ചെയ്യാന്‍ തീരുമാനിച്ചത്.
അവന്‍ ആ പന്ത് കളിക്കേണ്ട എന്ന് തീരുമാനിച്ചതോടെ ഓഫ് സ്റ്റമ്പ് കൂടുതലായി തുറന്നുകാട്ടപ്പെട്ടു. യഥാര്‍ഥത്തില്‍ ഓഫ് സ്റ്റമ്പിലേക്ക് വരുന്ന പന്ത് കളിക്കാന്‍ ശ്രമിക്കുമ്പോള്‍ ഫ്രണ്ട് ഫുട്ട് എപ്പോഴും മിഡില്‍ സ്റ്റമ്പ് ആയിരിക്കണം. കൂടാതെ പന്തിന് കുറുകെയും നേരേയുമായിരിക്കണം കാല്‍പാദം വരേണ്ടത്.
എന്നാല്‍, താന്‍ ഓഫ് സ്റ്റമ്പിന് പുറത്താണ് എന്ന തോന്നലാണ് അവനുണ്ടായത്. തന്‍റെ വിലയിരുത്തലുകള്‍ തെറ്റിപ്പോയത് കൊണ്ടുണ്ടായ പിഴവാണിത്' പുജാര പുറത്തായതിന് പിന്നാലെ രവി ശാസ്‌ത്രി പറഞ്ഞു.
'ഇംഗ്ലണ്ടില്‍ നടക്കുന്ന ഒരു മത്സരത്തില്‍ പന്ത് ലീവ് ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നിങ്ങളുടെ ഓഫ് സ്റ്റമ്പ് എവിടെയാണെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ശുഭ്‌മാന്‍ ഗില്ലിനെ നോക്കൂ, ഫുട് വര്‍ക്കുകള്‍ ചെയ്യുമ്പോള്‍ അവനെപ്പോഴും അലസത കാട്ടുന്നു. അവന്‍ ഇപ്പോഴും ചെറുപ്പമാണ്, ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. എന്നാല്‍ പുജാരയുടെ ഈ പിഴവ് നിരാശാജനകമാണ്' - രവി ശാസ്‌ത്രി വ്യക്തമാക്കി.
അതേസമയം, മത്സരത്തില്‍ 71 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്‌ടപ്പെട്ട ഇന്ത്യയെ അജിങ്ക്യ രഹാനെ - രവീന്ദ്ര ജഡേജ സഖ്യമാണ് വമ്പന്‍ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ 71 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. അര്‍ധസെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെ നില്‍ക്കെ ഓസീസ് സ്‌പിന്നര്‍ നാഥന്‍ ലിയോണ്‍ ആണ് ജഡേജയെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചത്. നിലവില്‍ അജിങ്ക്യ രഹാനെ (28), കെഎസ് ഭരത് എന്നിവരാണ് ഇന്ത്യ്‌ക്കായി ക്രീസില്‍.
Also Read :WTC Final |'എന്ത് വിധിയിത്..' മികവ് കാട്ടാനായില്ല, ലീവ് ചെയ്‌ത പന്ത് സ്റ്റമ്പ് തെറിപ്പിച്ചു; ബോളണ്ടിന് മുന്നില്‍ വീണ ഗില്‍ -വീഡിയോ