ഓവല്‍: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ആവേശകരമായി പുരോഗമിക്കുകയാണ്. മത്സരത്തിന്റെ നാലാം ദിനം എത്തി നില്‍ക്കെ നിലവില്‍ ഇന്ത്യ ബാക്ക്ഫൂട്ടിലാണുള്ളത്. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ഇന്ത്യയ്ക്ക് കിരീടം കയ്യകലത്തില്‍ നഷ്ടമാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.
മത്സരത്തിന്റെ മൂന്നാം ദിനമായ ഇന്നലെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് എന്ന നിലയില്‍ നില്‍ക്കെയാണ് സ്റ്റംപെടുത്തത്. ആദ്യ ഇന്നിങ്സില്‍ 469 റണ്‍സെടുത്ത ഓസീസിന് മറുപടിക്കിറങ്ങിയ ഇന്ത്യ 296 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ആറ് വിക്കറ്റ് ശേഷിക്കെ നിലവില്‍ 296 റണ്‍സിന്റെ മികച്ച ലീഡാണ് ഓസ്ട്രേലിയയ്ക്ക് ഉള്ളത്.
നാലാം ദിനമായ ഇന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനഃരാരംഭിക്കുന്ന ഓസീസ് ഇന്ത്യയ്ക്ക് മുന്നില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്ത്താനുറച്ചാവും ബാറ്റ് വീശുക. മാർനസ് ലബുഷെയ്ൻ marnus labuschagne (41*), കാമറൂണ്‍ ഗ്രീൻ (7*) എന്നിവരാണ് ക്രീസിലുള്ളത്. ഇന്ത്യയ്ക്ക് മുന്നില്‍ 350 റണ്‍സിന് പുറത്തുള്ള ഒരു വിജയ ലക്ഷ്യം വയ്ക്കാനാവും ഓസീസ് ലക്ഷ്യം വയ്ക്കുന്നതെന്നുറപ്പ്.
ചേസിങ് എളുപ്പമാവില്ല:മത്സരം നടക്കുന്ന കെന്നിങ്ടണ്‍ ഓവലിലെ ചേസിങ് റെക്കോഡ് ഇന്ത്യയ്ക്ക് ആശ്വാസം നല്‍കുന്നതല്ല. ഇവിടെ നടന്ന ടെസ്റ്റുകളുടെ ചരിത്രമെടുത്താല്‍ നാലാം ഇന്നിങ്സില്‍ ഒരു ടീമിന് പോലും 300 റണ്‍സിന് മുകളില്‍ ചേസ് ചെയ്തു വിജയിക്കാന്‍ സാധിച്ചിട്ടില്ല. 1902-ല്‍ ഓസ്ട്രേലിയയ്ക്ക് എതിരെ ഇംഗ്ലണ്ട് 263 റണ്‍സ് ചേസ് ചെയ്താണ് ഇവിടുത്തെ എക്കാലത്തേയും റെക്കോഡ്. ഇത്തവണ ഓസീസിനെ തോല്‍പ്പിക്കാന്‍ കഴിഞ്ഞാല്‍ 121വര്‍ഷത്തെ ചരിത്രം കൂടെ തിരുത്താന്‍ ഇന്ത്യയ്ക്ക് സാധിക്കും.