സതാംപ്‌റ്റണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഭാഗമായി ഇംഗ്ലണ്ടിലെത്തിയ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിശീലനം അരംഭിച്ചു. വ്യാഴാഴ്‌ച ഇന്ത്യന്‍ സംഘത്തോടൊപ്പം ഇംഗ്ലണ്ടിലെത്തിയ ജഡേജ സതാംപ്‌റ്റണിലെ ഗ്രൗണ്ടില്‍ ഒറ്റക്ക് പരിശീലനം നടത്തുന്ന ചിത്രങ്ങള്‍ ട്വീറ്റ് ചെയ്‌തു. ഫസ്റ്റ് ഔട്ടിങ് ഇന്‍ സതാംപ്‌റ്റണ്‍ എന്ന തലക്കെട്ടോടെയാണ് ട്വീറ്റ്. സതാംപ്‌റ്റണില്‍ ഇന്ത്യന്‍ സംഘം മൂന്ന് ദിവസത്തെ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കുന്നതിന് മുന്നെയാണ് ജഡേജ പരിശീലനം തുടങ്ങിയത്. വിഷയത്തില്‍ പ്രതികരിക്കാന്‍ ബിസിസിഐയോ ഐസിസിയോ ഇതേവരെ തയാറായിട്ടില്ല.
ടീം ഇന്ത്യയുടെ ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് രവീന്ദ്ര ജഡേജ. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും ഐപിഎല്‍ പോരാട്ടത്തിലും ജഡേജ തകര്‍പ്പന്‍ ഫോമിലായിരുന്നു. ഇംഗ്ലണ്ടില്‍ ക്വാറന്‍റൈനില്‍ കഴിയുമ്പോള്‍ ടീം അംഗങ്ങള്‍ പതിവായി കൊവിഡ് ടെസ്റ്റിന് വിധേയരാകും. പരിശോധനാ ഫലം വരുന്ന മുറക്ക് അവര്‍ക്ക് ക്വാറന്‍റൈന്‍ ഇളവ് അനുവദിക്കും. ചെറിയ സംഘങ്ങളായുള്ള പരിശീലനം ആദ്യ ഘട്ടത്തിലും പിന്നാലെ ടീം അംഗങ്ങള്‍ക്ക് സാധാരണഗതിയിലുള്ള പരിശീലനത്തിനും അവസരം ഒരുക്കും. ബയോ സെക്വയര്‍ ബബിളിനുള്ളിലാകും ഈ സൗകര്യങ്ങള്‍.
രവീന്ദ്ര ജഡേജ ക്വാറന്‍റൈനില്‍(ഫയല്‍ ചിത്രം).
ഈ മാസം 18ന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിനായി ബുധനാഴ്‌ചയാണ് ഇന്ത്യന്‍ സംഘം ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയത്. മുംബൈയില്‍ ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ പുരുഷ, വനിതാ ടീമുകള്‍ ഒരുമിച്ചാണ് ഇംഗ്ലണ്ടിലെത്തിയത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തിനൊപ്പം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയും പൂര്‍ത്തിയാക്കിയേ വിരാട് കോലിയും കൂട്ടരും നാട്ടിലേക്ക് മടങ്ങു. വനിത സംഘം ഏകദിന, 20 പരമ്പരകള്‍ക്കൊപ്പം ടെസ്റ്റ് മത്സരവും ഇംഗ്ലണ്ടിനെതിരെ കളിക്കും. 2014ല്‍ അവസാനമായി ടെസ്റ്റ് മത്സരം കളിച്ച വനിത സംഘത്തിന് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണിപ്പോള്‍ ക്രിക്കറ്റിന്‍റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിന്‍റെ ഭാഗമാകാന്‍ അവസരം ലഭിക്കുന്നത്.
കൂടുതല്‍ കായിക വാര്‍ത്തകള്‍:കടല്‍ കടക്കാന്‍ ടി20 ലോകകപ്പ്; ഒമാനും യുഎഇയും വേദിയായേക്കും
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. ഫൈനല്‍ പോരാട്ടത്തിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര കളിക്കുകയാണ് കിവീസ് ടീം. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് ശേഷമാകും കെയിന്‍ വില്യംസണും കൂട്ടരും ടീം ഇന്ത്യയെ നേരിടുക.