കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പിന് പിന്നാലെ ഡബ്ലിയുപിഎൽ മേളം; വനിത പ്രീമിയർ ലീഗിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ - ലേലം

വനിത പ്രിമിയർ ലീഗിലെ താര ലേലത്തിനായി 1500 ഓളം താരങ്ങളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഫെബ്രുവരി 13 നാണ് ലേലം നടക്കുക

Womens IPL  വനിത ഐപിഎൽ  ഐപിഎൽ  ബിസിസിഐ  വനിത ഐപിഎല്ലിന്‍റെ തീയതി പുറത്തുവിട്ട് ബിസിസിഐ  വനിത ടി20 ലോകകപ്പ്  വനിത പ്രീമിയർ ലീഗ്  WPL to be held in Mumbai from March 4  Womens Premier League  WPL  വനിത ഐപിഎല്ലിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ  ടി20 ലോകകപ്പിന് പിന്നാലെ ഐപിഎൽ മേളം
വനിത പ്രീമിയർ ലീഗിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ

By

Published : Feb 7, 2023, 5:31 PM IST

Updated : Feb 7, 2023, 5:46 PM IST

ന്യൂഡൽഹി:ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വനിത പ്രീമിയർ ലീഗിന്‍റെ ഷെഡ്യൂൾ പുറത്തുവിട്ട് ബിസിസിഐ. മാർച്ച് നാലിന് ആരംഭിച്ച് 26 ന് അവസാനിക്കുന്ന രീതിയിലാണ് വനിത പ്രീമിയർ ലീഗിന്‍റെ ഉദ്‌ഘാടന സീസണ്‍ ക്രമീകരിച്ചിട്ടുള്ളത്. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയം, ഡിവൈ പാട്ടീൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് മത്സരങ്ങൾ നടക്കുക. ഗുജറാത്ത് ജയന്‍റ്‌സും മുംബൈ ഇന്ത്യൻസിന്‍റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയും തമ്മിലായിരിക്കും ഉദ്‌ഘാടന മത്സരം.

പാകിസ്ഥാനെതിരായ ഇന്ത്യയുടെ ടി20 ലോകകപ്പ് മത്സരത്തിന് തൊട്ടുപിന്നാലെ ഫെബ്രുവരി 13ന് മുംബൈയിൽ താര ലേലം നടക്കുമെന്ന് ഐപിഎൽ ചെയർമാൻ അരുൺ ധുമാൽ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന വനിത ടി20 ലോകകപ്പ് അവസാനിച്ച് എട്ട് ദിവസങ്ങൾക്ക് ശേഷമാണ് ഡബ്ലിയുപിഎൽ ആരംഭിക്കുക. 1500 ഓളം താരങ്ങളാണ് ലീഗിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. താരങ്ങളുടെ അന്തിമ പട്ടിക ഈ ആഴ്‌ച പുറത്തുവിടും.

ചുരുക്കപ്പട്ടികയിൽ 90 താരങ്ങളാകും ഉണ്ടാവുക. ഓരോ ഫ്രാഞ്ചൈസിക്കും താരങ്ങളെ സ്വന്തമാക്കാൻ 12 കോടി രൂപ വരെയാണ് അനുവദിച്ചിട്ടുള്ളത്. കുറഞ്ഞത് 15 കളിക്കാരെയും പരമാവധി 18 പേരെയും ടീമുകൾക്ക് സ്വന്തമാക്കാനാകും. അസോസിയേറ്റ് അംഗരാജ്യത്തിൽ നിന്നുള്ള ഒരാൾ ഉൾപ്പെടെ അഞ്ച് വിദേശ താരങ്ങളെ വരെ പ്ലേയിങ് ഇലവനിൽ അനുവദിക്കും.

ക്യാപ്‌ഡ് താരങ്ങളില്‍ 50 ലക്ഷം രൂപ, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വില. അഞ്ച് ടീമുകൾ പങ്കെടുക്കുന്ന ഉദ്ഘാടന സീസണിൽ ആകെ 22 മത്സരങ്ങളാണ് കളിക്കുന്നത്. ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീം നേരിട്ട് ഫൈനലിലേക്ക് യോഗ്യത നേടും.

അഞ്ച് ടീമുകൾ, 4669 കോടി: വനിത പ്രീമിയര്‍ ലീഗില്‍ അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു ഡല്‍ഹി, ലഖ്‌നൗ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയത്. അഹമ്മദാബാദിനെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ ഗ്രൂപ്പ് സ്വന്തമാക്കിയപ്പോള്‍ മുംബൈ ഫ്രാഞ്ചൈസിയെ ഇന്ത്യ വിന്‍ സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്വന്തമാക്കുകയായിരുന്നു.

ആകെ 4669.99 കോടിക്കാണ് അഞ്ച് ടീമുകള്‍ ലേലത്തില്‍ വിറ്റുപോയത്. ലേലത്തിലെ ഏറ്റവും ഉയർന്ന തുകയായ 1289 കോടി രൂപക്കാണ് അഹമ്മദാബാദ് ഫ്രാഞ്ചൈസിയെ അദാനി സ്‌പോര്‍ട്‌സ്‌ലൈന്‍ ഗ്രൂപ്പ് സ്വന്തമാക്കിയത്. 912.99 കോടി രൂപയാണ് മുംബൈ ഫ്രാഞ്ചൈസിക്കായി അംബാനിയുടെ ഇന്ത്യ വിന്‍ ചെലവഴിച്ചത്.

ബെംഗളൂരു ഫ്രാഞ്ചൈസിയെ ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് സ്‌പോര്‍ട്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് വാങ്ങിയത്. ഇതിനായി അവർ 901 കോടി രൂപയാണ് മുടക്കിയത്. ഡല്‍ഹി ഫ്രാഞ്ചൈസിയെ ജെഎസ്‌ഡബ്ലിയു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് 810 കോടിക്കും, ലഖ്‌നൗ ഫ്രാഞ്ചൈസിയെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് 757 കോടി രൂപയ്‌ക്കുമാണ് സ്വന്തമാക്കിയത്.

സജ്ജമായി മുംബൈ: ഇതിനിടെ പ്രഥമ പതിപ്പിന് മുന്നോടിയായി മുംബൈ ഫ്രാഞ്ചൈസി തങ്ങളുടെ കോച്ചിങ് സ്റ്റാഫിനെ പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ട് വനിത ടീം മുന്‍ ക്യാപ്റ്റന്‍ ഷാർലറ്റ് എഡ്വേർഡ്‌സാണ് ടീമിന്‍റെ മുഖ്യ പരിശീലക. ഇന്ത്യയുടെ ഇതിഹാസ പേസര്‍ ജുലൻ ഗോസ്വാമി ടീം മെന്‍ററുടെയും ബൗളിങ്‌ പരിശീലകയുടെയും ഇരട്ട വേഷം കൈകാര്യം ചെയ്യും. ഓൾറൗണ്ടർ ദേവിക പാൽഷികാറാണ് ബാറ്റിങ് പരിശീലക.

സംപ്രേക്ഷണവകാശം സ്വന്തമാക്കി വയാകോം 18: വനിത പ്രീമിയർ ലീഗിന്‍റെ സംപ്രേക്ഷണവകാശം റിലയൻസ് ഇൻഡസ്ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള നേതൃത്വത്തിലുള്ള വയാകോം-18 ആണ് അഞ്ച് വർഷത്തേക്ക് സ്വന്തമാക്കിയത്. റെക്കോർഡ് തുകയായ 951 കോടി രൂപയ്ക്കാണ് വയാകോം-18 സംപ്രേഷണവകാശം സ്വന്തമാക്കിയിരിക്കുന്നത്.

Last Updated : Feb 7, 2023, 5:46 PM IST

ABOUT THE AUTHOR

...view details