മുംബൈ:പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ താരലേലം ഫെബ്രുവരി രണ്ടാം വാരത്തില്‍ നടക്കുമെന്ന് റിപ്പോര്‍ട്ട്. ഫെബ്രുവരി 11 അല്ലെങ്കില്‍ 13 തീയതികളില്‍ ലേലം നടക്കുമെന്നാണ് സൂചന. ഈ ആഴ്‌ചയോടെ ഇതേ കുറിച്ചുള്ള അന്തിമ തീരുമാനം ബിസിസിഐ ഔദ്യോഗികമായി പുറത്ത് വിടും.
ഡല്‍ഹി, മുംബൈ എന്നീ നഗരങ്ങളാണ് താരലേലത്തിനുള്ള വേദികളുടെ സാധ്യത പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. നേരത്തെ ഫെബ്രുവരി 6ന് ഡബ്ല്യു പി എല്‍ താരലേലം നടത്താനായിരുന്നു ബിസിസിഐ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ദുബായില്‍ ഇന്‍റര്‍നാഷണല്‍ ലീഗ് ടി20യുടെയും ദക്ഷിണാഫ്രിക്കയില്‍ എസ്‌എ ടി20 ടൂര്‍ണമെന്‍റും പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ലേലത്തിനുള്ള തീയതി ബിസിസിഐ പുനര്‍ നിശ്ചയിച്ചത്.
വിമന്‍സ് പ്രീമിയര്‍ ലീഗില്‍ ഫ്രാഞ്ചൈസികളെ സ്വന്തമാക്കിയ ഭൂരിഭാഗം ഉടമസ്ഥരും ഈ ലീഗുകളിലും ടീമുകളെ പങ്കെടുപ്പിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ഈ ടൂര്‍ണമെന്‍റുകളുടെ ഫൈനലിന് ശേഷം താരലേലം നടത്താമെന്ന തീരുമാനത്തിലേക്ക് ബിസിസിഐ എത്തിയതെന്നാണ് സൂചന. അതേസമയം താരലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ മാസം 26ന് അവസാനിച്ചിരുന്നു.
ക്യാപ്‌ഡ്, അണ്‍ക്യാപ്‌ഡ് താരങ്ങള്‍ക്കായിരുന്നു ലേലത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരുന്നത്. 50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാണ് ലേലത്തില്‍ പങ്കെടുക്കുന്ന ക്യാപ്‌ഡ് താരങ്ങള്‍ക്ക് നിശ്ചയിച്ചിരിക്കുന്ന അടിസ്ഥാനവില. അണ്‍ ക്യാപ്‌ഡ് താരങ്ങള്‍ക്ക് 20 ലക്ഷം, 10 ലക്ഷം എന്നിങ്ങനെയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഓരോ ടീമിനും ആറ് വിദേശ താരങ്ങളെ ഉള്‍പ്പടെ 18 പേരെ ടീമില്‍ ഉള്‍പ്പെടുത്താം. ഒരു മത്സരത്തില്‍ 5 വിദേശ താരങ്ങളെയാണ് ടീമുകള്‍ക്ക് കളത്തിലിറക്കാന്‍ സാധിക്കുക. ഔദ്യോഗികമായി മത്സരങ്ങള്‍ നടക്കുന്ന സമയം പുറത്ത് വിട്ടിട്ടില്ലെങ്കിലും മാര്‍ച്ച് മാസത്തില്‍ മത്സരങ്ങള്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ട് വേദികള്‍ 22 മത്സരം:വിമന്‍സ് പ്രീമിയര്‍ ലീഗിന്‍റെ ആദ്യ പതിപ്പ് രണ്ട് വേദികളിലായി നടത്താനാണ് ബിസിസിഐ പദ്ധതിയിടുന്നതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയവും നവി മുംബൈയിലെ ഡി വൈ പാട്ടീൽ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയവുമാണ് ടൂര്‍ണമെന്‍റ് നടത്തിപ്പിനായി ബിസിസിഐ പരിഗണനയിലുള്ളത്. ചുരുങ്ങിയ ദിവസം കൊണ്ട് അവസാനിക്കുന്ന ടൂര്‍ണമെന്‍റ് ആയതിനാല്‍ താരങ്ങള്‍ക്ക് നേരിടേണ്ടിവരുന്ന യാത്ര ബുദ്ധിമുട്ടുകള്‍ ഉള്‍പ്പടെ ഒഴിവാക്കാനാണ് രണ്ട് വേദികളില്‍ മത്സരങ്ങള്‍ നടത്താന്‍ ബിസിസിഐ തയ്യാറെടുക്കുന്നതെന്നാണ് സൂചന.
മുംബൈ ടീമിന്‍റെ ബോളിങ് പരിശീലകയും മെന്‍ററുമായി സൂപ്പര്‍ താരം:പ്രഥമ വനിത പ്രിമിയര്‍ ലീഗില്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ജുലന്‍ ഗോസ്വാമിയെത്തുന്നത് പുതിയ റോളില്‍. മുംബൈ ടീമിന്‍റെ ബോളിങ് പരിശീലകയും മെന്‍ററുമായി ഗോസാമിയെത്തുന്ന വിവരം മുന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയാണ് മാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. 40 കാരിയായ ഗോസ്വാമി കഴിഞ്ഞ വര്‍ഷമാണ് ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചത്.
Also Read:വിമന്‍സ് പ്രീമിയര്‍ ലീഗ്: കരുക്കള്‍ നീക്കി തുടങ്ങി ഗുജറാത്ത് ജയന്‍റ്‌സ്, ടീം ഉപദേഷ്‌ടാവായി മിതാലി രാജ്