കേരളം

kerala

ETV Bharat / sports

WPL 2023: റിവ്യൂ തീരുമാനത്തില്‍ വീണ്ടും റിവ്യൂ, ഔട്ട് നോട്ട് ഔട്ടായി; വനിത ഐപിഎല്ലില്‍ വമ്പന്‍ മണ്ടത്തരം - സോഫി എക്ലെസ്‌റ്റോണ്‍

വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഹെയ്‌ലി മാത്യൂസിന്‍റെ ബാറ്റില്‍ തട്ടിയ പന്തില്‍ ഔട്ട് നല്‍കി മൂന്നാം അമ്പയര്‍. തീരുമാനം പുനഃപരിശോധിക്കപ്പെട്ടതോടെ ഔട്ട് നോട്ട് ഔട്ടായി.

WPL DRS Controversy  Mumbai Indians vs UP Warriorz highlights  Mumbai Indians  UP Warriorz  Hayley Matthews  Sophie Ecclestone  WPL 2023  വനിത പ്രീമിയര്‍ ലീഗ്  മുംബൈ ഇന്ത്യന്‍സ്  വനിത ഐപിഎല്‍ റിവ്യൂ വിവാദം  യുപി വാരിയേഴ്‌സ്  സോഫി എക്ലെസ്‌റ്റോണ്‍  ഹെയ്‌ലി മാത്യൂസ്
വനിത ഐപിഎല്ലില്‍ വമ്പന്‍ മണ്ടത്തരം

By

Published : Mar 13, 2023, 2:53 PM IST

മുംബൈ: വനിത പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്‍റെ ആവേശപ്പോരിന് ചൂടേറുകയാണ്. ഇതിനിടെ മുംബൈ ഇന്ത്യന്‍സ്-യുപി വാരിയേഴ്‌സ് മത്സരത്തിനിടെയുള്ള ഒരു റിവ്യൂവുമായി ബന്ധപ്പെട്ടുണ്ടായ നാടകീയ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. മുംബൈ ഇന്ത്യന്‍സിന്‍റെ ഇന്നിങ്‌സിലെ അഞ്ചാം ഓവറിലാണ് സംഭവം നടന്നത്.

യുപി വാരിയേഴ്‌സ് സ്പിന്നർ സോഫി എക്ലെസ്‌റ്റോണിന്‍റെ പന്തില്‍ ഹെയ്‌ലി മാത്യൂസാണ് സ്‌ട്രൈക്കിലുണ്ടായിരുന്നത്. എക്ലെസ്റ്റോണിന്‍റെ യോര്‍ക്കര്‍ ഫലപ്രദമായി പ്രതിരോധിക്കാന്‍ ഹെയ്‌ലിയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ പന്ത് കാലില്‍ തട്ടിയെന്ന് തോന്നിയ യുപി താരങ്ങള്‍ അപ്പീല്‍ ചെയ്‌തു. ഫീല്‍ഡ് അമ്പയര്‍ അപ്പീല്‍ നിരസിച്ചതോടെ ടീം റിവ്യൂ എടുക്കാന്‍ തീരുമാനിച്ചു.

റീപ്ലേയില്‍ പന്ത് ബാറ്റിന്‍റെ മധ്യഭാഗത്താണ് തട്ടിയതെന്ന് കാണാമായിരുന്നു. എന്നാല്‍ ബോള്‍ ട്രാക്കിങ്ങില്‍ പന്ത് ഹെയ്‌ലി മാത്യൂസിന്‍റെ ഷൂവിന് അടുത്തെത്തിയപ്പോള്‍ സ്‌നിക്കോ കാണിച്ചു. ഇതോടെ തേര്‍ഡ് അമ്പയര്‍ ഔട്ട് വിധിക്കുകയും തന്‍റെ തീരുമാനം ഫീല്‍ അമ്പയറെ അറിയിക്കുകയും ചെയ്‌തു.

എന്നാല്‍ പന്ത് ആദ്യം തന്‍റെ ബാറ്റിലാണ് കൊണ്ടതെന്ന് ഉറപ്പുണ്ടായിരുന്ന ഹെയ്‌ലി മാത്യൂസ് ക്രീസ് വിടാൻ വിസമ്മതിച്ചു. ഇതിനിടെ യുപി ക്യാപ്റ്റന്‍ ഹലീസ ഹീലിയുമായും താരം സംസാരിക്കുന്നത് കാണാമായിരുന്നു. തുടര്‍ന്ന് തേര്‍ഡ് അമ്പയറുടെ തീരുമാനം വീണ്ടും റിവ്യൂ ചെയ്യപ്പെടുകയും ഒടുവില്‍ ഔട്ട് നോട്ട് ഔട്ട് ആവുകയുമായിരുന്നു.

എന്നാല്‍ എട്ടാം ഓവറില്‍ സോഫി എക്ലെസ്‌റ്റോണിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയ താരത്തിന് വലിയ ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് എട്ട് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത യുപി വാരിയേഴ്‌സ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 17.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 164 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ക്യാപ്റ്റന്‍ ഹർമന്‍പ്രീത് കൗർ, യാസ്‌തിക ഭാട്ടിയ, നതാലി സ്‌കീവർ എന്നിവരുടെ മിന്നും പ്രകടനമാണ് മുംബൈക്ക് തകര്‍പ്പന്‍ വിജയം ഒരുക്കിയത്. അര്‍ധ സെഞ്ചുറി നേടി പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.

33 പന്തില്‍ ഒമ്പത് ഫോറുകളും ഒരു സിക്‌സും സഹിതം 53 റണ്‍സാണ് താരം നേടിയത്. 31 പന്തില്‍ 42 റണ്‍സുമായി നതാലിയും പുറത്താവാതെ നിന്നു. മൂന്നാം വിക്കറ്റില്‍ ഹര്‍മനും നതാലിയും ചേര്‍ന്ന് 106 റണ്‍സിന്‍റെ അപരാജിത കൂട്ടുകെട്ടുയര്‍ത്തി. യാസ്‌തിക ഭാട്ടിയ (27 പന്തില്‍ 42), ഹെയ്‌ലി മാത്യൂസ് (17 പന്തില്‍ 12) എന്നിവരുടെ വിക്കറ്റാണ് സംഘത്തിന് നഷ്‌ടമായത്.

നേരത്തെ അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഇയാന്‍ ഹീലി, തഹ്‍ലിയ മഗ്രാത്ത് എന്നിവരുടെ പ്രകടനമാണ് യുപി വാരിയേഴ്‌സിന്‍റെ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. 46 പന്തില്‍ 58 റണ്‍സ് നേടിയ ഹീലിയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. തഹ്‍ലിയ 37 പന്തില്‍ 50 റണ്‍സെടുത്തു. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല. മുംബൈക്കായി സൈക ഇഷാഖ് മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ അമേലിയ കേർ രണ്ടും ഹെയ്‌ലി മാത്യൂസ് ഒന്നും വിക്കറ്റുകള്‍ നേടി.

ALSO READ:വിരാട് കോലി ഫോമിലല്ലെന്ന് ഒരിക്കലും തോന്നിയിട്ടില്ല : സുനില്‍ ഗവാസ്‌കര്‍

ABOUT THE AUTHOR

...view details