കേരളം

kerala

ETV Bharat / sports

WPL| ബാറ്റിങ് വെടിക്കെട്ട് തീര്‍ത്ത് നതാലി, ഹാട്രിക്കുമായി ഇസി; യുപി വാരിയേഴ്‌സിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍

ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് നേടി. മൂന്നാമതായി ക്രീസിലെത്തിയ നതാലി സ്കിവര്‍ 38 പന്തില്‍ 72 റണ്‍സാണ് ഇന്ത്യന്‍സിനായി അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങില്‍ യുപി 17.4 ഓവറില്‍ 110 റണ്‍സില്‍ ഓള്‍ ഔട്ട് ആകുകയായിരുന്നു.

Etv Bharat
Etv Bharat

By

Published : Mar 25, 2023, 7:37 AM IST

മുംബൈ: പ്രഥമ വിമന്‍സ് പ്രീമിയര്‍ ലീഗ് ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. പ്ലേ ഓഫില്‍ യുപി വാരിയേഴ്‌സിനെ 72 റണ്‍സിന് കീഴ്‌പ്പെടുത്തിയാണ് മുംബൈ കലാശക്കളിക്ക് യോഗ്യത നേടിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈ നതാലി സ്‌കിവറിന്‍റെ (38 പന്തില്‍ 72) വെടിക്കെട്ട് ബാറ്റിങ്ങിന്‍റെ കരുത്തില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങില്‍ വാരിയേഴ്‌സിന്‍റെ പോരാട്ടം 17.4 ഓവറില്‍ 110 റണ്‍സില്‍ അവസാനിച്ചു. മത്സരത്തില്‍ ഹാട്രിക്ക് ഉള്‍പ്പടെ നാല് വിക്കറ്റ് നേടിയ ഇസി വോങ്ങിന്‍റെ ബോളിങ്ങാണ് യുപി വാരിയേഴ്‌സിനെ എറിഞ്ഞിട്ടത്. ഞായറാഴ്‌ച രാത്രി 7:30ന് ആണ് ഫൈനല്‍.

മുംബൈ ഉയര്‍ത്തിയ കൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വാരിയേഴ്‌സിന് മോശം തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയ്‌ക്കുള്ളില്‍ തന്നെ മൂന്ന് പ്രധാനപ്പെട്ട വിക്കറ്റുകള്‍ അവര്‍ക്ക് നഷ്‌ടമായി. ശ്വേത സെഹ്‌റാവത്ത് (1), ക്യാപ്റ്റന്‍ അലീസ ഹീലി (11), തഹ്‌ലിയ മക്‌ഗ്രാത്ത് (7) എന്നിവര്‍ അതിവേഗം മടങ്ങി.

മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ കിരണ്‍ നവ്‌ഗിറെ (43) മാത്രമാണ് ഒരു വശത്ത് നിന്ന് അല്‍പ്പമെങ്കിലും പൊരുതിയത്. പിന്നാലെ ക്രീസിലെത്തിയ ഗ്രേസ് ഹാരിസ് (14), ദീപ്‌തി ശര്‍മ്മ (16) സിമ്രാന്‍ ഷെയ്‌ഖ് (0), സോഫി എക്ലസ്റ്റോണ്‍ (0), അഞ്ജലി ശര്‍വാണി (5) രാജേശ്വരി ഗെയ്‌ക്‌വാദ് (5) എന്നിവരിലാര്‍ക്കും ഇന്ത്യന്‍സ് ബോളിങ് ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല.

മത്സരത്തിന്‍റെ 13-ാം ഓവറിലായിരുന്നു ഇസി വോങ്ങിന്‍റെ ഹാട്രിക്ക് പിറന്നത്. യുപി വാരിയേഴ്സ് ടോപ്‌ സ്‌കോറര്‍ കിരണ്‍ നവ്‌ഗിറെ, സിമ്രാന്‍, സോഫി എക്ലസ്റ്റോണ്‍ എന്നിവരെ പുറത്താക്കിയാണ് വോങ് പ്രഥമ വനിത പ്രീമിയര്‍ ലീഗിലെ ആദ്യ ഹാട്രിക്ക് നേട്ടം ആഘോഷിച്ചത്. മുംബൈക്കായി സൈക ഇഷാഖ് രണ്ടും സ്കിവര്‍, ഹെയ്‌ലി മാത്യൂസ്, ജിന്‍റിമണി കലിത എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ യാസ്‌തി ഭാട്ടിയ (21), ഹെയ്‌ലി മാത്യൂസ് (26) എന്നിവര്‍ ചേര്‍ന്ന് 31 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഞ്ചാം ഓവറില്‍ യാസ്‌തികയുടെയും, പത്താം ഓവറില്‍ ഹെയ്‌ലിയുടെയും വിക്കറ്റ് മുംബൈക്ക് നഷ്‌ടമായി. ക്യാപ്‌റ്റന്‍ ഹര്‍മന്‍പ്രീത് കൗറിനും (14) മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല.

മൂന്നാം നമ്പറില്‍ ക്രീസിലെത്തി ആക്രമിച്ച് കളിച്ച നതാലി സ്‌കിവര്‍ ആണ് മുംബൈക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 9 ഫോറും രണ്ട് സിക്‌സും അടങ്ങിയതായിരുന്നു സ്‌കിവറിന്‍റെ ഇന്നിങ്‌സ്. 19 പന്തില്‍ 29 റണ്‍സ് അടിച്ച് അമേലിയ കെര്‍ സ്‌കിവറിന് മികച്ച പിന്തുണ നല്‍കി. 11 റണ്‍സെടുത്ത പൂജ വസ്‌ത്രകര്‍ പുറത്താകാതെ നിന്നു. യുപി വാരിയേഴ്‌സിനായി സോഫി എക്ലസ്റ്റോണ്‍ രണ്ടും അഞ്ജലി ശര്‍വാണി, പര്‍ഷവി ചോപ്ര എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ABOUT THE AUTHOR

...view details