മുംബൈ: ഇന്ത്യയെ ഏറെ ടെസ്റ്റ് വിജയങ്ങളിലേക്ക് നയിച്ച ക്യാപ്റ്റനാണ് വിരാട് കോലി. ഇന്ത്യയെ പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിലേക്ക് നയിച്ചുവെന്നതുള്‍പ്പെടെയുള്ള നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 35-കാരനായ താരം ടീമിന്‍റെ നായക സ്ഥാനം ഒഴിയുന്നത്. എന്നാല്‍ ഏറെ വിവാദങ്ങള്‍ക്കും നാടകീയതയ്‌ക്കും ഒടുവിലായിരുന്നു കോലിയുടെ പടിയിറക്കം.
ഇതിന് പിന്നാലെയാണ് രോഹിത് ശര്‍മയ്‌ക്ക് ടെസ്റ്റ് ടീമിന്‍റെയും ചുമതല നല്‍കുന്നത്. ഐപിഎല്ലിന്‍റെ തിരക്കുകള്‍ക്ക് ശേഷം വീണ്ടുമൊരു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ലണ്ടനിലെ ഓവലിൽ നടക്കുന്ന ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളി.
കഴിഞ്ഞ തവണ കൈവിട്ട കിരീടം ഇക്കൂറി നേടിയെടുക്കാന്‍ ഉറച്ച് തന്നെയാവും രോഹിത് ശര്‍മയും സംഘവും ഇത്തവണ ഓസീസിനെതിരെ ഇറങ്ങുകയെന്നത് ഉറപ്പാണ്. ഇതിനിടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് മുന്നെ എന്തെങ്കിലും 'അപ്രതീക്ഷിതമായ സാഹചര്യങ്ങൾ' ഉണ്ടായാൽ വിരാട് കോലിയെ ക്യാപ്റ്റൻസി ഓപ്ഷനായി ഇന്ത്യ നിലനിർത്തണമെന്ന് അഭിപ്രായപ്പെട്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി.
"നിര്‍ണായക മത്സരങ്ങള്‍ക്ക് മുമ്പ് ഇത്തരം ഒരു കാര്യത്തെക്കുറിച്ച് കൂടി ആലോചിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. രോഹിത് ടീമിന്‍റെ ക്യാപ്റ്റനായതിനാൽ ഫിറ്റായിരിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പക്ഷെ അപ്രതീക്ഷിതമായ സാഹചര്യമുണ്ടായാൽ, തീർച്ചയായും ഞാൻ ആ ദിശയിലേക്ക് തന്നെയാവും നോക്കുക"- രവി ശാസ്‌ത്രി പറഞ്ഞു.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ ബർമിങ്‌ഹാമില്‍ നടന്ന ടെസ്റ്റില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയ്ക്ക് ചുമതല നല്‍കിയതിന് പകരം വിരാട് കോലിയെ ഇന്ത്യയ്ക്ക് ക്യാപ്റ്റനാക്കാമായിരുന്നുവെന്നും രവി ശാസ്‌ത്രി പറഞ്ഞു.