ബെംഗളൂരു: രഞ്ജി ട്രോഫിയിൽ ഇത്തവണത്തെ സീസൺ പല ലോക റെക്കോഡുകളും തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം ജാർഖണ്ഡിനെതിരായ മത്സരത്തിൽ ബംഗാളിന്‍റെ ആദ്യ ഒൻപത് താരങ്ങളും അർധ സെഞ്ച്വറി നേടി ലോകറെക്കോഡിട്ടിരുന്നു. ഇപ്പോഴിതാ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ വിജയം എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മുംബൈ.
ക്വാർട്ടർ ഫൈനലിൽ ഉത്തരാഖണ്ഡിനെ 725 റൺസിന് കീഴടക്കിയാണ് മുംബൈ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്നെ റെക്കോഡ് വിജയം സ്വന്തമാക്കിയത്. വിജയത്തോടെ മുംബൈ രഞ്ജി ട്രോഫിയുടെ സെമിയിൽ പ്രവേശിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 92 വർഷം പഴക്കമുള്ള റെക്കോഡാണ് മുംബൈ ഇന്നലത്തെ മത്സരത്തിലൂടെ തിരുത്തിക്കുറിച്ചത്.
ഓസീസ് ഫസ്റ്റ് ക്ലാസ് ക്ലബുകളായ ഷെഫീൽഡ് ഷീൽഡ് 685 റണ്‍സിന് ക്വീൻസ്‌ലാൻഡിനെ കീഴടക്കിയതായിരുന്നു ഇതുവരെയുണ്ടായിരുന്ന ഏറ്റവും വലിയ വിജയം. 1953-54 സീസണിൽ ഒഡിഷയെ ബംഗാൾ 540 റണ്‍സിന് പരാജയപ്പെടുത്തിയിരുന്നു.
മത്സരത്തിന്‍റെ ആദ്യ ദിനം മുതൽ തന്നെ ഉത്തരാഖണ്ഡിനെതിരെ മുംബൈ വ്യക്‌തമായ ആധിപത്യം പുലർത്തിയിരുന്നു. ആദ്യ ഇന്നിങ്സിൽ 647 റണ്‍സെടുത്ത് മുംബൈ ഡിക്ലയർ ചെയ്‌തിരുന്നു. എന്നാൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് 114 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ 261 റണ്‍സ് കൂടെ നേടിയ മുംബൈ ഉത്തരാഖണ്ഡിന് 795 റണ്‍സിന്‍റെ വിജയ ലക്ഷ്യം സമ്മാനിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഉത്തരാഖണ്ഡ് എന്നാൽ വെറും 69 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ ഉത്തരാഖണ്ഡിന്‍റെ രണ്ട് താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. അഞ്ച് താരങ്ങൾ സംപൂജ്യരായി മടങ്ങി. ധവാൻ കുൽക്കർണി, ഷംസ് മുലാനി, തനുഷ് കോട്ടിയാൻ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. സെമിയിൽ ഉത്തർപ്രദേശാണ് മുംബൈയുടെ എതിരാളി.