ട്രിനിഡാഡ്: ഐപിഎല്ലില്‍ തുടര്‍ച്ചയായി 150 കിലോമീറ്ററിന് മുകളില്‍ വേഗതയില്‍ പന്തുകളെറിഞ്ഞ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഉമ്രാന്‍ മാലിക് (Umran Malik). അന്താരാഷ്‌ട്ര തലത്തിലേക്ക് എത്തിയപ്പോള്‍ ഉമ്രാന്‍റെ പന്തുകള്‍ക്ക് ബാറ്റര്‍മാരെ കാര്യമായി പ്രതിരോധത്തിലാക്കാന്‍ കഴിഞ്ഞിട്ടില്ല. ഉമ്രാന്‍റെ വേഗം ബാറ്റര്‍മാര്‍ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്.
ഇപ്പോഴിതാ ഏകദിന ലോകകപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യയുടെ യുവ പേസര്‍ക്ക് വിലപ്പെട്ട ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാൻ ലാറ (Brian Lara). അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വേഗതയെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് 23-കാരനായ ഉമ്രാന്‍ മനസിലാക്കണമെന്നാണ് ബ്രയാന്‍ ലാറ പറയുന്നത്.
"ഉമ്രാന്‍ ഒരു സെൻസേഷനായിരിക്കും, പക്ഷേ ഫാസ്റ്റ് ബോളിങ് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരെ പ്രയാസപ്പെടുത്തുന്നില്ലെന്ന് എത്രയും വേഗം അവന്‍ പഠിക്കേണ്ടതുണ്ട്. പന്ത് ഉപയോഗിച്ച് എന്തെങ്കിലും ചെയ്യാനുള്ള കഴിവാണ് ഉണ്ടാവേണ്ടത്. അതിനായി വിവേകത്തോടെയാണ് പദ്ധതികള്‍ നടപ്പിലാക്കേണ്ടത്.
ചില സമയങ്ങളില്‍ നിങ്ങള്‍ പന്തിന്‍റ വേഗത കുറയ്‌ക്കേണ്ടി വരും, മറ്റു ചിലപ്പോള്‍ വേഗത കൂട്ടേണ്ടിയും വരും. ഇതു സംബന്ധിച്ച് നമുക്ക് മുന്നില്‍ നിരവധി വ്യത്യസ്‌ത ഉദാഹരണങ്ങളുണ്ട്. വസീം അക്രം റോ പേസ് ആയിരുന്നു, മാൽക്കം മാർഷലിന് വിനാശകരമായ പേസ് ഉണ്ടായിരുന്നു, മൈക്കൽ ഹോൾഡിങ്ങും അതുപോലെ തന്നെ.
പക്ഷേ, ചില സമയങ്ങളിൽ വേഗത്തിൽ പന്തെറിയുക എന്നതിലുപരി കൂടുതൽ തന്ത്രങ്ങൾ അവർക്ക് കണ്ടെത്തേണ്ടി വന്നിട്ടുണ്ടെന്ന് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഉമ്രാന്‍ വളരെ ചെറുപ്പമാണ്, അവന് മുന്നില്‍ ധാരാളം വര്‍ഷങ്ങളുണ്ട്" - ബ്രയാന്‍ ലാറ പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിൽ (SunRisers Hyderabad) ഇതിഹാസ പേസര്‍ ഡെയ്ൽ സ്റ്റെയ്‌നൊപ്പം പ്രവര്‍ത്തിക്കുന്നത് തുടരുകയാണെങ്കില്‍ ഉമ്രാന്‍ മാലിക് ഇന്ത്യയ്‌ക്ക് നിര്‍മിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളാവുമെന്നും ബ്രയാന്‍ ലാറ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിൽ ഉമ്രാനൊപ്പം ബ്രയാന്‍ ലാറ പ്രവര്‍ത്തിച്ചിട്ടുണ്ട്.
2022-ല്‍ ഫ്രാഞ്ചൈസിയുടെ ബാറ്റിങ് പരിശീലകനായി എത്തിയ ബ്രയാന്‍ ലാറ കഴിഞ്ഞ സീസണില്‍ ടീമിന്‍റെ മുഖ്യ പരിശീകനായിരുന്നു. ഓസീസ് പരിശീലകന്‍ ടോം മൂഡിക്ക് പകരക്കാരനായി ആയിരുന്നു ലാറയ്‌ക്ക് ഫ്രാഞ്ചൈസി ചുമതല നല്‍കിയത്. എന്നാല്‍ സീസണിലെ മോശം പ്രകടനത്തിന്‍റെ പേരില്‍ ലാറയുമായി അടുത്തിടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വേര്‍പിരിഞ്ഞിരുന്നു.
ലാറയ്‌ക്ക് കീഴില്‍ ഏറ്റവും അവസാന സ്ഥാനക്കാരായി പത്താമതാണ് സണ്‍റൈസേഴ്‌സിന് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 14 മത്സരങ്ങളില്‍ പത്തിലും ടീം തോല്‍വി വഴങ്ങി. വെറും നാല് മത്സരങ്ങളില്‍ മാത്രമാണ് ടീമിന് വിജയിക്കാന്‍ കഴിഞ്ഞത്. ലാറയുടെ പിന്‍ഗാമിയായ ന്യൂസിലന്‍ഡിന്‍റെ മുന്‍ ക്യാപ്റ്റന്‍ ഡാനിയേല്‍ വെട്ടോറിയെ (Daniel Vettori) നിയമിച്ചതായി ഫ്രാഞ്ചൈസി അറിയിച്ചിരുന്നു.
ALSO READ: Suryakumar Yadav | 'ലോകകപ്പ് വേണോ, ഏകദിനത്തിലും അവൻ വേണം': മുൻ സെലക്‌ടർക്ക് പറയാനുള്ളത് ഇതാണ്