ധാക്ക : വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിന്‍റെ സെമി ലൈനപ്പായി. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, തായ്‌ലാന്‍ഡ് എന്നീ ടീമുകളാണ് അവസാന നാലില്‍ ഇടം നേടിയത്. ആറ് മത്സരങ്ങളില്‍ നിന്നും 10 പോയിന്‍റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
പാകിസ്ഥാന് 10 പോയിന്‍റുണ്ടെങ്കിലും മികച്ച റണ്‍ റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനക്കാരായത്. മൂന്നാം സ്ഥാനക്കാരായ ശ്രീലങ്കയ്‌ക്ക് എട്ടും നാലാം സ്ഥാനക്കാരായ തായ്‌ലാന്‍ഡിന് ആറും പോയിന്‍റാണുള്ളത്. ടൂര്‍ണമെന്‍റിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് തായ്‌ലാന്‍ഡ് സെമിയിലെത്തുന്നത്.
പാക് വനിതകള്‍ക്കെതിരായ അട്ടിമറിയുള്‍പ്പടെ മൂന്ന് വിജയങ്ങള്‍ നേടിയാണ് തായ്‌ലാന്‍ഡിന്‍റെ മുന്നേറ്റം. അതേസമയം നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിന് ഗ്രൂപ്പ് ഘട്ടം കടക്കാന്‍ കഴിഞ്ഞില്ല. യുഎഇയ്‌ക്കെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതാണ് ബംഗ്ലാദേശ് വനിതകള്‍ക്ക് തിരിച്ചടിയായത്.
also read: ICC T20 Rankings: കുതിപ്പുമായി ദീപ്‌തി ശര്‍മ; ബോളര്‍മാരിലും ഓള്‍റൗണ്ടര്‍മാരിലും മൂന്നാമത്
ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിച്ചതോടെ ഇരുടീമുകളും ഓരോ പോയിന്‍റ് വീതം പങ്കുവച്ചു. ഇതോടെ അഞ്ച് പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് ബംഗ്ലാദേശിന് ഫിനിഷ് ചെയ്യാന്‍ സാധിച്ചത്. ഈ മാസം 13നാണ് രണ്ട് സെമി ഫൈനല്‍ മത്സരങ്ങളും നടക്കുക. 15നാണ് ഫൈനല്‍.