കേരളം

kerala

ETV Bharat / sports

Watch | കറിയയുടെ കുത്തിത്തിരിഞ്ഞ പന്തില്‍ ഞെട്ടിത്തരിച്ച് സഞ്‌ജു സാംസണ്‍ ; മൂന്നാം നമ്പറില്‍ ഇറക്കിയതില്‍ വിമര്‍ശനം

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ അവസരം ലഭിച്ച മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.19 പന്തുകളില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്‌ജു സാംസണ്‍ നേടിയത്

By

Published : Jul 30, 2023, 1:29 PM IST

Sanju Samson  Sanju Samson out video  WI vs IND  Yannic Cariah  സഞ്‌ജു സാംസണ്‍  യാനിക് കറിയ  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  സഞ്‌ജു സാംസണ്‍ വീഡിയോ
സഞ്‌ജു സാംസണ്‍

ബാര്‍ബഡോസ് :തുടര്‍ച്ചയായ അവഗണനകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ലഭിച്ച അവസരം മുതലാക്കാന്‍ മലയാളി ബാറ്റര്‍ സഞ്‌ജു സാംസണിന് കഴിഞ്ഞിരുന്നില്ല. ബ്രിഡ്‌ജ്‌ടൗണിലെ കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ 19 പന്തുകളില്‍ ഒമ്പത് റണ്‍സ് മാത്രമാണ് സഞ്‌ജു സാംസണിന് നേടാന്‍ കഴിഞ്ഞത്. ലെഗ്‌ സ്‌പിന്നര്‍ യാനിക് കറിയയുടെ പന്തില്‍ ബ്രണ്ടന്‍ കിങ്ങാണ് സഞ്‌ജുവിനെ സ്ലിപ്പില്‍ കയ്യിലൊതുക്കിയത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെയ്‌ 19-നായിരുന്നു സഞ്‌ജു സാംസണ്‍ ഇതിന് മുന്‍പ് ഒരു മത്സര ക്രിക്കറ്റിന്‍റെ ഭാഗമായത്. അതിനാല്‍ തന്നെ കെന്‍സിങ്‌ടണ്‍ ഓവലില്‍ മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ സഞ്‌ജുവിന്‍റെ തുടക്കവും മികച്ചതായിരുന്നില്ല. കൂടാതെ കരിയറിൽ ലെഗ് സ്പിന്നർമാര്‍ക്കെതിരെ മികവ് പുലര്‍ത്താന്‍ കഴിയാത്ത താരം കെന്‍സിങ്‌ടണിലും ഇതാവര്‍ത്തിച്ചു. 2021- ൽ ശ്രീലങ്കയുടെ വനിന്ദു ഹസരംഗയ്‌ക്കെതിരെ സഞ്‌ജുവിന്‍റെ ഈ ദൗര്‍ബല്യം ഏറെ വെളിപ്പെട്ടിരുന്നു.

വിന്‍ഡീസ് ലെഗ്‌ സ്‌പിന്നര്‍ യാനിക് കറിയയുടെ ലെഗ് ബ്രേക്കുകൾ സഞ്‌ജുവിനെ ഏറെ പ്രയാസപ്പെടുത്തി. ഒടുവില്‍ താരത്തിന്‍റെ പുറത്താവലിലും ഇത് കലാശിച്ചു. കറിയയുടെ ഒരു അധിക ബൗൺസുള്ള ലെഗ് ബ്രേക്കില്‍ സഞ്‌ജു വീഴുകയായിരുന്നു. പ്രതീക്ഷയ്‌ക്ക് അപ്പുറത്തേക്ക് കുത്തിത്തിരിഞ്ഞ പന്തിന്‍റെ ലൈനിൽ നിന്നും ബാറ്റ് നീക്കം ചെയ്യാന്‍ കഴിയാതിരുന്നതോടെയാണ് താരം സ്ലിപ്പില്‍ ഒടുങ്ങിയത്. സഞ്‌ജുവിന്‍റെ ഒരു മികച്ച ഇന്നിങ്‌സ് പ്രതീക്ഷ ആരാധകര്‍ക്ക് കനത്ത നിരാശ നല്‍കുന്നതായിരുന്നു ഇത്.

വീഡിയോ കാണാം...

അതേസമയം സഞ്‌ജുവിനെ മൂന്നാം നമ്പറില്‍ ഇറക്കിയതിന്‍റെ യുക്തിയും ഒരു കൂട്ടര്‍ ചോദ്യം ചെയ്‌തിട്ടുണ്ട്. ലോകകപ്പില്‍ ശ്രേയസ് അയ്യര്‍ക്കും കെഎല്‍ രാഹുലിനും ഏതെങ്കിലും സാഹചര്യത്തില്‍ കളിക്കാനായില്ലെങ്കില്‍ പകരക്കാരനെന്ന നിലയില്‍ പരീക്ഷിക്കാന്‍ നാലോ അഞ്ചോ നമ്പറുകളിലാണ് സഞ്‌ജുവിനെ ഇറക്കേണ്ടിയിരുന്നതെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ സഞ്‌ജുവില്ലേയെന്നും ഇക്കൂട്ടര്‍ ചോദിക്കുന്നുണ്ട്.

അതേസമയം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനായിരുന്നു ടീമിന്‍റെ ടോപ് സ്‌കോറര്‍. 55 പന്തുകളില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം 55 റണ്‍സാണ് താരം നേടിയത്.

ശുഭ്‌മാന്‍ ഗില്‍ (49 പന്തുകളില്‍ 34), സൂര്യകുമാര്‍ യാദവ് (25 പന്തുകളില്‍ 24), രവീന്ദ്ര ജഡേജ (21 പന്തുകളില്‍ 10), ശാര്‍ദുല്‍ താക്കൂര്‍ (22 പന്തുകളില്‍ 16) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.

ALSO READ: WI vs IND | പരീക്ഷണങ്ങള്‍ മുതലായില്ല, രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍ തോല്‍വി; വിന്‍ഡീസ് ജയം 6 വിക്കറ്റിന്

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 182 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. നായകന്‍ ഷായ്‌ ഹോപ്പിന്‍റെ (Shai Hope) അര്‍ധ സെഞ്ചുറിയും കെസി കാര്‍ട്ടിയുടെ ഉറച്ച പിന്തുണയുമാണ് ടീമിന് മുതല്‍ക്കൂട്ടായത്. 80 പന്തുകളില്‍ രണ്ട് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം പുറത്താവാതെ 63 റണ്‍സാണ് ഷായ്‌ ഹോപ് നേടിയത്. പുറത്താവാതെ 65 പന്തുകളില്‍ നാല് ബൗണ്ടറികള്‍ സഹിതം 48 റണ്‍സായിരുന്നു കെസിയുടെ സമ്പാദ്യം.

ABOUT THE AUTHOR

...view details