ബാര്‍ബഡോസ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെതിരെ (Rahul Dravid ) തിരിഞ്ഞ് ഒരു കൂട്ടം ആരാധകര്‍. ടീമിന്‍റെ പരിശീലക സ്ഥാനത്ത് നിന്ന് ദ്രാവിഡിനെ പുറത്താക്കണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെടുന്നത്. ഇതിനോടനുബന്ധിച്ച് 'സാക്ക് ദ്രാവിഡ്' എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്.
വിന്‍ഡീസിനെതിരെ പരിശീലകൻ ദ്രാവിഡ് ഉൾപ്പടെയുള്ള ടീം മാനേജ്‌മെന്‍റിന്‍റെ വഴിവിട്ട പരീക്ഷണങ്ങളാണ് ഇന്ത്യയെ തോല്‍വിയിലേക്ക് തള്ളിവിട്ടത്. ലോകകപ്പ് വര്‍ഷത്തില്‍ ലോകകപ്പിന് യോഗ്യത പോലും നേടാന്‍ കഴിയാത്ത വെസ്റ്റ് ഇന്‍ഡീസിനെതിരായ തോല്‍വി ടീമിന് ക്ഷീണം ചെയ്യുമെന്നുമാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ വമ്പന്‍ പരീക്ഷണം നടത്തിയ ഇന്ത്യ കഷ്‌ടിച്ചാണ് തോല്‍വിയില്‍ നിന്ന് രക്ഷപ്പെട്ടത്.
114 എന്ന കുഞ്ഞന്‍ ലക്ഷ്യം പിന്തുടര്‍ന്ന ടീമിന് അഞ്ച് വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയാണ് വിജയത്തിലെത്താന്‍ കഴിഞ്ഞത്. രണ്ടാം ഏകദിനത്തിലും ഇന്ത്യ വമ്പന്‍ പരീക്ഷണത്തിന് മുതിര്‍ന്നു. വെറ്ററന്‍ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ഇല്ലാതെയായിരുന്നു ഇന്ത്യ ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന മത്സരത്തില്‍ കളിക്കാനിറങ്ങിയത്. രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദിക് പാണ്ഡ്യ ആയിരുന്നു ടീമിനെ നയിച്ചത്.
വെറ്ററന്‍ താരങ്ങള്‍ക്ക് പകരം സഞ്‌ജു സാംസണും അക്‌സര്‍ പട്ടേലുമാണ് ടീമിലെത്തിയത്. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തുകയും ചെയ്‌തു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം ആളുകള്‍ ദ്രാവിഡിനെതിരെ തിരിഞ്ഞത്. എന്നാല്‍ രോഹിത്തിനേയും കോലിയേയും പുറത്തിരുത്താനുള്ള തീരുമാനത്തെക്കുറിച്ച് ടോസിന്‍റെ സമയത്ത് ഹാര്‍ദിക് പാണ്ഡ്യ പ്രതികരിച്ചിരുന്നു.
''രോഹിത്തും കോലിയും നിരന്തരം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുകയാണ്. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇക്കാരണത്താലാണ് അവര്‍ക്ക് വിശ്രമം അനുവദിച്ചത്. മൂന്നാം ഏകദിനത്തില്‍ അവര്‍ തിരിച്ചെത്തും'' - എന്നായിരുന്നു ഹാര്‍ദിക് പണ്ഡ്യയുടെ വാക്കുകള്‍.
അതേസമയം മത്സരത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്‍റെ തോല്‍വിയാണ് വഴങ്ങിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ഇഷാന്‍ കിഷനായിരുന്നു ടോപ് സ്‌കോറര്‍. 55 പന്തുകളില്‍ 55 റണ്‍സാണ് താരം നേടിയത്.
നാല് ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്. ശുഭ്‌മാന്‍ ഗില്‍ (49 പന്തുകളില്‍ 34), സൂര്യകുമാര്‍ യാദവ് (25 പന്തുകളില്‍ 24), രവീന്ദ്ര ജഡേജ (21 പന്തുകളില്‍ 10), ശാര്‍ദുല്‍ താക്കൂര്‍ (22 പന്തുകളില്‍ 16) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. സഞ്‌ജു സാംസണ്‍ (19 പന്തുകളില്‍ 9), അക്‌സര്‍ പട്ടേല്‍ (8 പന്തില്‍ 1), ഹാര്‍ദിക് പാണ്ഡ്യ (14 പന്തുകളില്‍ 7), ഉമ്രാന്‍ മാലിക് (2 പന്തുകളില്‍ 0), മുകേഷ് കുമാര്‍ (7 പന്തുകളില്‍ 6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. 23 പന്തുകളില്‍ 8 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താവാതെ നിന്നു.
ALSO READ: ODI world cup| ഇന്ത്യയും പാകിസ്ഥാനും നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ തന്നെ കളിക്കും; ലോകകപ്പ് ഷെഡ്യൂളില്‍ മാറ്റങ്ങളുണ്ടാവുമെന്ന് ജയ് ഷാ
മറുപടിക്കിറങ്ങിയ വിന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 182 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്. ആര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപിന്‍റേയും പിന്തുണയേകി കളിച്ച കെസി കാര്‍ട്ടിയുടെ പ്രകടനവുമാണ് സംഘത്തെ വിജയത്തിലേക്ക് നയിച്ചത്. 80 പന്തുകളില്‍ പുറത്താവാതെ രണ്ട് ഫോറുകളും രണ്ട് സിക്‌സുകളും സഹിതം 63 റണ്‍സാണ് ഷായ് ഹോപ് നേടിയത്. പുറത്താവാതെ 65 പന്തുകളില്‍ നാല് ബൗണ്ടറികള്‍ സഹിതം 48 റണ്‍സായിരുന്നു കെസി കാര്‍ട്ടി അടിച്ചത്.