പോര്‍ട്ട് ഓഫ് സ്‌പെയിന്‍:വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ തന്‍റെ മിന്നും ഫോമിലേക്ക് മടങ്ങിയെത്തുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ (Rohit Sharma). വിസ്‌ഡര്‍പാര്‍ക്കില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയാണ് രോഹിത് മോശം ഫോമിന്‍റെ പിടിയില്‍ നിന്ന് മോചിതനായത്. തുടര്‍ന്ന് ഇന്നലെ പോർട്ട് ഓഫ് സ്പെയിനിൽ ആരംഭിച്ച രണ്ടാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയുമായും താരം തിളങ്ങി.
തന്‍റെ വിന്‍റേജ് ഷോട്ടുകളുമായി കളം നിറഞ്ഞ രോഹിത് ശര്‍മ 143 പന്തുകളില്‍ ഒമ്പത് ബൗണ്ടറികളും രണ്ട് സിക്‌സറുകളും സഹിതം 80 റണ്‍സായിരുന്നു നേടിയത്. പോർട്ട് ഓഫ് സ്പെയിനിലെ ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശര്‍മ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യന്‍ താരങ്ങളില്‍ അഞ്ചാം സ്ഥാനമാണ് 36-കാരനായ രോഹിത് അടിച്ചെടുത്തത്.
മുന്‍ നായകനായിരുന്ന എംഎസ് ധോണിയെ (MS Dhoni) മറികടന്നാണ് രോഹിത്തിന്‍റെ മുന്നേറ്റം. നിലവില്‍ 443 അന്താരാഷ്‌ട്ര മത്സരങ്ങളിൽ നിന്ന് 42.92 ശരാശരിയിൽ 17,298 റൺസാണ് ഹിറ്റ്‌മാന്‍റെ പട്ടികയിലുള്ളത്. 463 ഇന്നിങ്‌സുകളിൽ നിന്നായി 44 സെഞ്ച്വറികളും 92 അർധ സെഞ്ച്വറികളും താരം നേടിയിട്ടുണ്ട്.
535 മത്സരങ്ങളിൽ നിന്ന് 44.74 ശരാശരിയിൽ 17,092 റൺസാണ് ധോണിയുടെ സമ്പാദ്യം. 15 സെഞ്ച്വറികളും 108 അർധ സെഞ്ച്വറികളും ധോണി കണ്ടെത്തിയിട്ടുണ്ട്. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്തുള്ളത്.