മുംബൈ :ആഭ്യന്തര സര്‍ക്യൂട്ടിലും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലുമുള്ള മിന്നും പ്രകടനത്തിന് പിന്നാലെയാണ് യശസ്വി ജയ്‌സ്വാളിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിലൂടെ അരങ്ങേറ്റം നടത്തിയ താരം സെലക്‌ടര്‍മാരും ആരാധകരും തന്‍റെ മേല്‍വച്ച പ്രതീക്ഷകള്‍ കാക്കുകയാണ്. മത്സരത്തില്‍ സെഞ്ചുറി നേടി പുറത്താവാതെ നില്‍ക്കുന്ന 21-കാരനായ യശസ്വി ജയ്‌സ്വാള്‍ ഇന്ത്യയെ ലീഡിലേക്ക് നയിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.
നിലവില്‍ 350 പന്തില്‍ 143* റണ്‍സാണ് ജയ്‌സ്വാള്‍ നേടിയിട്ടുള്ളത്. താരത്തിന്‍റെ ഈ പ്രകടനത്തില്‍ വലിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബാല്യകാല പരിശീലകനായ ജ്വാല സിങ്. ഇന്ത്യന്‍ കുപ്പായത്തില്‍ മികച്ച തുടക്കം കുറിക്കുമെന്ന ആഴത്തിലുള്ള തന്‍റെ ബോധ്യം ജയ്‌സ്വാള്‍ ശരിയാണെന്ന് തെളിയിച്ചതായി ജ്വാല സിങ് പറഞ്ഞു.
"അവന്‍ വളരുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. ഇന്ത്യന്‍ കുപ്പായത്തിലും അവൻ നന്നായി തുടങ്ങുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും ഏറെ മികച്ച നാല് സീസണുകളാണ് അവന്‍ ചെലവഴിച്ചത്. ഐപിഎല്ലില്‍ ഉള്‍പ്പടെ ലോകോത്തര ബോളർമാരെയാണ് ജയ്‌സ്വാള്‍ നേരിട്ടുകൊണ്ടിരുന്നത്"- ജ്വാല സിങ് വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.
"മികച്ച നിലവാരമുള്ള ബോളർമാര്‍ക്കെതിരെ കളിക്കുന്നതിന് വ്യക്തമായ ധാരണയുള്ള താരമാണ് ജയ്‌സ്വാള്‍. ഒരു കളിക്കാരനെന്ന നിലയിൽ, റൺസ് നേടുന്ന ശീലം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. ഒരു പരിശീലകനെന്ന നിലയിൽ ഞാൻ എല്ലായ്‌പ്പോഴും പഠിപ്പിക്കുന്നത് പന്ത് നോക്കി കളിക്കാനാണ്. അല്ലാതെ ബോളര്‍മാരെ നോക്കിയല്ല.
ടി20യോ ഏകദിനമോ ടെസ്റ്റോ ക്രിക്കറ്റിന്‍റെ ഏതുഫോര്‍മാറ്റുമാവട്ടെ, ഏത് മത്സരം കളിച്ചാലും ഒമ്പത് ഫീൽഡർമാർ എപ്പോഴും കളത്തിലുണ്ടാവും. ഒരു ബാറ്ററെന്ന നിലയില്‍ കാര്യങ്ങളെ വ്യക്തമായി വീക്ഷിച്ച് ഓരോ പന്തിന് മേലും ആധിപത്യം സ്ഥാപിക്കുകയും നിങ്ങളുടെ കഴിവിൽ വിശ്വസിച്ച് കളിക്കുകയുമാണ് വേണ്ടത്. യശസ്വിക്ക് ഗ്രൗണ്ടിൽ അത് ചെയ്യാൻ കഴിയുന്നതിലും അതിയായ സന്തോഷമുണ്ട്. എന്‍റെ തീരുമാനങ്ങള്‍ ശരിയായിരുന്നുവെന്ന് കൂടിയാണ് യശസ്വിയുടെ പ്രകടനങ്ങള്‍ തെളിയിക്കുന്നത്" - ജ്വാല സിങ് കൂട്ടിച്ചേര്‍ത്തു.
"അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇതൊരു മികച്ച തുടക്കമാകുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഒരു കളിക്കാരൻ എന്ന നിലയിൽ ടീമിനായി നിങ്ങളുടെ പരമാവധി ചെയ്യുന്നത് പ്രധാനമാണ്. ടീമിനായി റൺസ് നേടുക എന്നതാണ് ഏതൊരു ബാറ്ററുടേയും പ്രധാന ജോലി. അത് ചെയ്‌തുകൊണ്ട് മികച്ച രീതിയില്‍ മുന്നോട്ട് പോകാനാണ് ഇനി ജയ്‌സ്വാള്‍ നോക്കേണ്ടത്" - ജ്വാല സിങ് വ്യക്തമാക്കി.
ALSO READ:MCC | 'ഏകദിന പരമ്പരകള്‍ കുറയ്ക്കണം': ക്രിക്കറ്റ് വളരാന്‍ വേറെ മാർഗമില്ല, നിര്‍ദേശവുമായി എംസിസി
അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തില്‍ നിലവില്‍ ഇന്ത്യയ്‌ക്ക് 162 റണ്‍സിന്‍റെ ലീഡാണുള്ളത്. ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ആതിഥേയരെ 150 റണ്‍സില്‍ ഓള്‍ ഔട്ടാക്കിയ ഇന്ത്യ രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ 312/2 എന്ന സ്‌കോര്‍ കണ്ടെത്തിയാണ് മികച്ച ലീഡിലേക്ക് കുതിക്കുന്നത്. യശസ്വി ജയ്‌സ്വാളിനൊപ്പം 36 റണ്‍സുമായി വിരാട് കോലിയാണ് പുറത്താവാതെ നില്‍ക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (103), ശുഭ്‌മാന്‍ ഗില്‍ (6) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.