ഫ്ലോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ടി20യില്‍ വഴങ്ങിയ വമ്പന്‍ തോല്‍വിയോടെ ഇന്ത്യയ്‌ക്ക് പരമ്പര കൈമോശം വന്നിരുന്നു. അഞ്ച് മത്സര പരമ്പര 2-3നാണ് വിന്‍ഡീസ് സ്വന്തമാക്കിയത്. ആദ്യ രണ്ട് ടി20കളിലും തോല്‍വി വഴങ്ങിയ ഇന്ത്യ തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളും പിടിച്ച് വിന്‍ഡീസിനൊപ്പമെത്തിയിരുന്നു. ഇതോടെയാണ് അഞ്ചാം മത്സരത്തിന്‍റെ ഫലം പരമ്പര വിജയികളെ നിര്‍ണയിച്ചത്.
ഇതോടെ 17 വര്‍ഷത്തിനിടെ ക്രിക്കറ്റിന്‍റെ ഏതു ഫോര്‍മാറ്റിലായാലും മൂന്നോ അതില്‍ കൂടുതലോ മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തോല്‍വി വഴങ്ങിയ ഇന്ത്യന്‍ ടീമിന്‍റെ നായകനായി ഇതോടെ ഹാര്‍ദിക് പാണ്ഡ്യ മാറി. നേരത്തെ 2006-ല്‍ ആയിരുന്നു മൂന്നോ അതില്‍ കൂടുതലോ മത്സരങ്ങളടങ്ങിയ ഒരു പരമ്പരയില്‍ ഇന്ത്യ വിന്‍ഡീസിനോട് തോറ്റത്. അന്ന് ഇന്ത്യയെ നയിച്ചിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ന് ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാണെന്നത് മറ്റൊരു കൗതുകമായി. ഇതാദ്യമായാണ് ഒരു ടി20 പരമ്പയിലെ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യ തോല്‍വി വഴങ്ങുന്നത്.
ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടന്ന അഞ്ചാം ടി20യില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യ തോല്‍വി വഴങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സാണ് നേടാന്‍ കഴിഞ്ഞത്. അര്‍ധ സെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് മാത്രമാണ് ഇന്ത്യയ്‌ക്കായി പൊരുതിയത്. 45 പന്തുകളില്‍ നാല് ഫോറുകളും മൂന്ന് സിക്‌സും സഹിതം 61 റണ്‍സായിരുന്നു സൂര്യ നേടിയത്.