ഫ്ലോറിഡ:വെസ്റ്റ് ഇൻഡീസിനെതിരായ (West Indies) നാലാം ടി20യിൽ ഇന്ത്യയ്ക്ക് (India) 9 വിക്കറ്റിന്‍റെ വമ്പൻ ജയം. മത്സരത്തിൽ വിൻഡീസ് ഉയർത്തിയ 179 റൺസ് വിജയലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 17 ഓവറിലാണ് ടീം ഇന്ത്യ മറികടന്നത്. അർധസെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളിന്‍റെയും (Yashasvi Jaiswal) ശുഭ്‌മാന്‍ ഗില്ലിന്‍റെയും (Shubman Gill) പ്രകടനമാണ് മത്സരത്തിൽ സന്ദർശകർക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 2-2 എന്ന നിലയില്‍ വിന്‍ഡീസിനൊപ്പമെത്താന്‍ ഇന്ത്യയ്‌ക്കായി.
179 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യന്‍ യുവ ഓപ്പണര്‍മാര്‍ക്കെതിരെ ഒരു ഘട്ടത്തില്‍പ്പോലും വെല്ലുവിളി ഉയര്‍ത്താന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ക്കായിരുന്നില്ല. ഗില്‍, ജയ്‌സ്വാള്‍ സഖ്യം ഒന്നാം വിക്കറ്റില്‍ 165 റണ്‍സ് കൂട്ടിച്ചേര്‍ത്തായിരുന്നു മടങ്ങിയത്. 47 പന്തില്‍ 77 റണ്‍സടിച്ച ഗില്ലിനെ മാത്രമാണ് മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്.
യുവതാരം യശസ്വി ജയ്‌സ്വാള്‍ 51 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. ടി20 കരിയറിലെ താരത്തിന്‍റെ കന്നി അര്‍ധസെഞ്ച്വറി കൂടിയായിരുന്നു ഇത്. 11 ഫോറും മൂന്ന് സിക്‌സും അടങ്ങിയതായിരുന്നു ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സ്. മൂന്നാമനായി ക്രീസിലെത്തിയ തിലക് വര്‍മ (Tilak Varma) 5 പന്തില്‍ 7 റണ്‍സാണ് നേടിയത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും തോല്‍വി വഴങ്ങിയ ഇന്ത്യ മൂന്നാമത്തെയും നാലാമത്തെയും മത്സരങ്ങളില്‍ ജയം പിടിച്ചാണ് വിന്‍ഡീസിനൊപ്പമെത്തിയിരിക്കുന്നത്. ഇതോടെ, ഇന്ന് ഫ്ലോറിഡയില്‍ തന്നെ നടക്കുന്ന അഞ്ചാം ടി20 ഇരു ടീമിനും ഏറെ നിര്‍ണായകമണ്.