ഗയാന :വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി20 നേടി അഞ്ച് മത്സര പരമ്പരയിലേക്ക് തിരിച്ചെത്താനായെങ്കിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് എതിരെ കനത്ത വിമര്‍ശനവുമായി ആരാധകര്‍. യുവതാരം തിലക് വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി നിഷേധിച്ച സ്വാര്‍ഥനാണ് ഹാര്‍ദിക് പാണ്ഡ്യ എന്നാണ് സോഷ്യല്‍ മീഡിയയില്‍ സംസാരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ ഉയര്‍ത്തിയ 160 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 13 പന്തുകള്‍ ബാക്കി നിര്‍ത്തി അനായാസ വിജയമാണ് സ്വന്തമാക്കിയത്.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലേതുപോലെ ഇത്തവണയും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു. അരങ്ങേറ്റക്കാരന്‍ യശസ്വി ജയ്‌സ്വാള്‍ രണ്ട് പന്തുകളില്‍ ഒരു റണ്‍സും ശുഭ്‌മാന്‍ ഗില്‍ 11 പന്തുകളില്‍ ആറ് റണ്‍സും നേടിയാണ് മടങ്ങിയത്. എന്നാല്‍ തുടര്‍ന്ന് ഒന്നിച്ച സൂര്യകുമാര്‍ യാദവ്-തിലക് വര്‍മ സഖ്യം ഇന്ത്യയെ ട്രാക്കിലാക്കുകയായിരുന്നു. സൂര്യകുമാര്‍ ഒരറ്റത്തുനിന്ന് ആക്രമിച്ചപ്പോള്‍ ഉറച്ച പിന്തുണയുമായി തിലക് നിലയുറപ്പിച്ചു. ഒടുവില്‍ 44 പന്തുകളില്‍ 83 റണ്‍സ് നേടി സൂര്യ മടങ്ങിയെങ്കിലും തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയും തിലകും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.
18-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ധോണി സ്റ്റൈലില്‍ സിക്‌സറടിച്ചുകൊണ്ട് ഹാര്‍ദിക് പാണ്ഡ്യയാണ് മത്സരം അവസാനിപ്പിച്ചത്. എന്നാല്‍ തന്‍റെ പ്രവര്‍ത്തിയിലൂടെ തിലക് വര്‍മയ്‌ക്ക് തുടര്‍ച്ചയായ രണ്ടാം അര്‍ധ സെഞ്ചുറി തടയുകയാണ് ഹാര്‍ദിക് ചെയ്‌തതെന്നാണ് ആരാധകര്‍ പറയുന്നത്. വിന്‍ഡീസ് ക്യാപ്റ്റന്‍ റൊവ്മാന്‍ പവല്‍ 18-ാം ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ വിജയത്തിനായി വെറും ആറ് റണ്‍സ് മാത്രമായിരുന്നു വിജയത്തിനായി ഇന്ത്യയ്‌ക്ക് വേണ്ടിയിരുന്നത്. ആദ്യ നാല് പന്തുകളില്‍ ഹാര്‍ദിക്കും തിലകും സിംഗിളുകള്‍ നേടി നാല് റണ്‍സ് ഓടിയെടുത്തു.