മുംബൈ:വെസ്റ്റ് ഇന്‍ഡീസിന് എതിരായ (West Indies) പരമ്പരയില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയ്‌ക്ക് (Rohit Sharma) വിശ്രമം അനുവദിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ നിന്നും രോഹിതിന് വിശ്രമം നല്‍കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ താരം പൂര്‍ണ ആരോഗ്യവാനാണെന്നും ടീം സെലക്ഷന് അദ്ദേഹം ലഭ്യമാണെന്നും ബിസിസിഐ പ്രതിനിധി പറഞ്ഞതായി കായിക മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തു.
ജൂലൈയില്‍ 12നാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്. ഈ പരമ്പരയില്‍ രോഹിതിന്‍റെ അഭാവത്തില്‍ താല്‍ക്കാലികമായി മറ്റൊരാള്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തകളെ നിഷേധിച്ചാണ് ഇപ്പോള്‍ ബിസിസിഐയിലെ മുതിര്‍ന്ന പ്രതിനിധി രംഗത്തെത്തിയിരിക്കുന്നത്.
'രോഹിത് ശര്‍മ്മ ആരോഗ്യവാനാണ്. ടീം സെലക്ഷന് അദ്ദേഹം ഇപ്പോള്‍ ലഭ്യമാണ്. ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് മികച്ച ബ്രേക്ക് ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജോലിഭാരം കൂടുതലാകുമോ എന്ന കാര്യത്തില്‍ ആശങ്കയൊന്നുമില്ല. രോഹിത് തന്നെ ആയിരിക്കും വിന്‍ഡീസിനെതിരായ മത്സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെ നയിക്കുക' ബിസിസിഐ പ്രതിനിധി പറഞ്ഞു.
മോശം ഫോം തുടരുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ചെറിയ ഇടവേള എടുക്കുമോ എന്ന കാര്യത്തില്‍ നേരത്തെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഏകദിന ലോകകപ്പ് വരാനിരിക്കെ രോഹിത് ഉള്‍പ്പടെയുള്ള സീനിയര്‍ താരങ്ങളെ മാറ്റി നിര്‍ത്തുന്നത് ടീമിന്‍റെ പ്രകടനത്തെ ബാധിച്ചേക്കാം. വീന്‍ഡീസ് പര്യടനത്തിലൂടെ രോഹിത് വീണ്ടും പഴയ ഫോമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.