മുംബൈ:വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ മൂന്ന് അര്‍ധ സെഞ്ചുറികളുമായി ഇന്ത്യയുടെ യുവ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) തിളങ്ങിയിരുന്നു. എന്നാല്‍ ടി20 പരമ്പരയിലേക്ക് എത്തിയപ്പോള്‍ ആ മികവ് ആവര്‍ത്തിക്കാന്‍ ഇഷാന് കഴിഞ്ഞില്ല. കളിച്ച രണ്ട് മത്സരങ്ങളിലും താരം പ്രയാസപ്പെടുന്ന കാഴ്‌ചയാണ് കാണാന്‍ കഴിഞ്ഞത്.
ആദ്യ ടി20യില്‍ ഒമ്പത് പന്തുകളില്‍ വെറും ആറ് റണ്‍സുമായി തിരിച്ച് കയറിയ ഇഷാന് രണ്ടാം മത്സരത്തില്‍ 23 പന്തില്‍ 27 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്. ഇതോടെ മൂന്നാം ടി20യില്‍ താരത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഇപ്പോഴിതാ 25-കാരനായ ഇഷാന്‍റെ ടി20 കരിയറിനെ സംബന്ധിച്ച് നിര്‍ണായ നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര (Aakash Chopra).
ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച റെക്കോഡ് ഉള്ളതുകൊണ്ട് മാത്രം ഇഷാൻ കിഷൻ അന്താരാഷ്‌ട്ര ടി20യില്‍ മികവ് പുലർത്തുമെന്ന് പ്രതീക്ഷിക്കാനാവില്ലെന്നാണ് ആകാശ് ചോപ്ര പറയുന്നത്. "വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ ഇഷാൻ കിഷന്‍ വളറെ പ്രയാസപ്പെട്ടു. ഏകദിന ക്രിക്കറ്റിൽ ഓപ്പണറായി ഡബിൾ സെഞ്ചുറി നേടാന്‍ അവന് കഴിഞ്ഞിട്ടുണ്ട്.
എന്നാൽ ടി20യിൽ ഈ മികവ് ആവര്‍ത്തിക്കാന്‍ അവന് കഴിഞ്ഞിട്ടില്ല. അന്താരാഷ്‌ട്ര ടി20യും ഇന്ത്യന്‍ പ്രീമിയര്‍ ലീഗും തമ്മില്‍ കൂട്ടിക്കുഴക്കരുത്. ഐപിഎല്ലില്‍ ഇഷാന്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഒരു പ്രധാന കളിക്കാരന്‍ ആയതുകൊണ്ട് തന്നെ സീസണില്‍ 14 മത്സരങ്ങളിലും കളിക്കാന്‍ കഴിയും. സ്ഥാനം സുരക്ഷിതമാണ്, തുടക്കം മോശമാണെങ്കിലും ധാരാളം മത്സരങ്ങളുള്ളതിനാല്‍ ഒരു ഘട്ടത്തിൽ താളം കണ്ടെത്താനുമാവും.