ഗ്രനഡ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര വെസ്റ്റ്‌ഇന്‍ഡീസ് സ്വന്തമാക്കി. മൂന്ന് മത്സര പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ മൂന്നാം മത്സരം ജയിച്ചാണ് ആതിഥേയര്‍ പരമ്പര പിടിച്ചത്. സെന്‍റ് ജോര്‍ജ്‌സ് നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിനാണ് വിന്‍ഡീസിന്‍റെ ജയം. സ്‌കോര്‍: ഇംഗ്ലണ്ട്- 204 & 120, വെസ്റ്റ് ഇന്‍ഡീസ് 298 & 28/0.
വിന്‍ഡീസിനായി ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജോഷ്വ ഡാ സില്‍വയാണ് മാന്‍ ഓഫ് ദ മാച്ച്. 257 പന്തില്‍ 100 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നിരുന്നു. വിഡീസ് ക്യാപ്റ്റന്‍ ക്രെയ്‌ഗ് ബ്രാത്‌വെയ്റ്റ് പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.
ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 204നെതിരെ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 94 റണ്‍സ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സില്‍ സന്ദര്‍ശകരെ 120 റണ്‍സില്‍ എറിഞ്ഞൊതുക്കാനും വിന്‍ഡീസിനായി. തുടര്‍ന്ന് വിജയ ലക്ഷ്യമായ 28 റണ്‍സ് ഓപ്പണര്‍മാരായ ബ്രാത്‌വെയ്റ്റ് (20), ജോണ്‍ കാംപെല്‍ (6) എന്നിവര്‍ പുറത്താവാതെ നിന്ന് മറികടുന്നു.
നേരത്തെ കെയ്ല്‍ മയേഴ്‌സിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ 120ല്‍ ഒതുക്കിയത്. 17 ഓവറില്‍ വെറും 18 റണ്‍സ് മാത്രം വഴങ്ങിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. കെമര്‍ റോച്ച് 9.2 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.
31 റണ്‍സെടുത്ത അലക്‌സ് ലീസാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. ജോണി ബെയര്‍സ്‌റ്റോ (22), ക്രിസ് വോക്‌സ് (19) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. സാക് ക്രൗളി (8), ജോ റൂട്ട് (5), ഡാനിയേല്‍ ലോറന്‍സ് (0), ബെന്‍ സ്‌റ്റോക്‌സ് (4), ബെന്‍ ഫോക്‌സ് (2), ക്രെയ്ഗ് ഓവര്‍ടോണ്‍ (1), ജാക്ക് ലീച്ച് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. സാക്വിബ് മഹ്‌മൂദ് (3) പുറത്താവാതെ നിന്നു.