ദുബായ് :ടി20 ലോകകപ്പ് സൂപ്പർ 12ലെ രണ്ടാമത്തെ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ തകർന്നടിഞ്ഞ് ശക്തരായ വെസ്റ്റ് ഇൻഡീസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 14.2 ഓവറിൽ വെറും 55 റണ്‍സിന് ഓൾ ഔട്ട് ആയി. 13 റണ്‍സെടുത്ത ക്രിസ് ഗെയ്ൽ മാത്രമാണ് വിൻഡീസ് നിരയിൽ രണ്ടക്കം കടന്നത്. ടി20 ലോകകപ്പ് ചരിത്രത്തിൽ ഒരു സ്ഥിരാംഗ രാജ്യത്തിന്റെ ഏറ്റവും കുറഞ്ഞ സ്കോറാണിത്.
ലെന്‍ഡ്ല്‍ സിമ്മണ്‍സ് (3), എവിന്‍ ലൂയിസ് (6), ഷിംറോണ്‍ ഹെറ്റ്മെയര്‍ (9), ഡ്വയ്ന്‍ ബ്രാവോ (5), നിക്കോളാസ് പൂരന് (1), നായകന് കരെണ്‍ പൊള്ളാര്‍ഡ് (6), ആന്ദ്രെ റസ്സല്‍ (0), അകീല്‍ ഹൊസെയ്ന്‍ (6*), ഒബെഡ് മക്കോയ് (0), രവി രാംപോള്‍ (3) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ പ്രകടനം.
നാല് വിക്കറ്റുമായി ആദില്‍ റഷീദ് വിൻഡീസ് നിരയുടെ നട്ടെല്ലൊടിച്ചപ്പോൾ മൊയീന്‍ അലി, ടൈമല്‍ മില്‍സ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ക്രിസ് വോക്സ്, ക്രിസ് ജോര്‍ദാൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ആദില്‍ റഷീദ് 2.2 ഓവറില്‍ രണ്ട് റണ്‍സിനാണ് നാല് വിക്കറ്റ് കൊയ്തത്. നാല് ഓവറില്‍ 17 റണ്‍സ് വീതം വിട്ടുകൊടുത്താണ് അലിയും മില്‍സും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തിയത്.