തിരുവനന്തപുരം: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിത്തില്‍ കത്തിക്കയറുകയായിരുന്നു വിരാട് കോലി. തകര്‍പ്പന്‍ സെഞ്ചുറിയാണ് കാര്യവട്ടത്ത് ഇന്ത്യയുടെ സ്വന്തം റണ്‍മെഷീന്‍ അടിച്ചെടുത്തത്. പുറത്താവാതെ 110 പന്തില്‍ 166 റണ്‍സാണ് 34കാരന്‍ നേടിയത്.
13 ബൗണ്ടറികളും എട്ട് സിക്സറുകളും താരത്തിന്‍റെ ഇന്നിങ്‌സിന് അഴകായി. കോലി പറത്തിയ സിക്‌സുകളുടെ കൂട്ടത്തിലൊന്ന് എംഎസ് ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു. ഷോട്ട് കളിച്ച ശേഷം അല്‍പനേരം ക്രീസില്‍ തലകുനിച്ചു നിന്ന കോലി നോണ്‍ സ്‌ട്രൈക്കറായിരുന്ന ശ്രേയസ് അയ്യര്‍ക്ക് അടുത്തെത്തി മഹി ഷോട്ടെന്ന് പറഞ്ഞ് ചിരിക്കുകയും ചെയ്തു.
എന്നാല്‍ ധോണിയെപ്പോലെ ബാക്ക് ഫൂട്ടിലായിരുന്നില്ല കോലിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് കളിച്ചത്. പകരം ഫ്രണ്ട് ഫൂട്ടിലിറങ്ങിയാണ് താരം പന്ത് അതിര്‍ത്തി കടത്തിയത്. കോലി പന്തടിച്ചതില്‍ പിന്നെ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടിന്‍റെ സാമ്യത കമന്‍റേറ്റര്‍മാരും ചൂണ്ടിക്കാട്ടിയിരുന്നു. ഏകദിന കരിയറിലെ 46ാം സെഞ്ചുറിയാണ് കോലി കാര്യവട്ടത്ത് നേടിയത്.
ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പമെത്താന്‍ ഇനി മൂന്ന് സെഞ്ചുറികളാണ് കോലിക്ക് വേണ്ടത്. എന്നാല്‍ ഈ പ്രകടനത്തോടെ സച്ചിന്‍റെ മറ്റ് ചില റെക്കോഡുകള്‍ പൊളിക്കാന്‍ കോലിക്ക് കഴിഞ്ഞു. ലങ്കയ്‌ക്കെതിരെ 10-ാം സെഞ്ചുറിയാണ് കോലി കാര്യവട്ടത്ത് നേടിയത്.
ഇതോടെ ഏതെങ്കിലും ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന റെക്കോഡ് കോലി പോക്കറ്റിലാക്കി. ലങ്കയ്‌ക്ക് എതിരെ ഒമ്പത് സെഞ്ചുറികളായിരുന്നു സച്ചിന്‍റെ റെക്കോഡ്. കൂടാതെ സ്വന്തം നാട്ടില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളെന്ന നേട്ടത്തിലും കോലി സച്ചിനെ പിന്തള്ളി.
സ്വന്തം മണ്ണില്‍ കോലി 21-ാം തവണയാണ് മൂന്നക്കം കടക്കുന്നത്. 20 സെഞ്ചുറികളാണ് സച്ചിന്‍റെ അക്കൗണ്ടിലുള്ളത്. മത്സരത്തില്‍ ഇന്ത്യ 317 റണ്‍സിന്‍റെ കൂറ്റന്‍ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 390 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ശ്രീലങ്ക 73 റണ്‍സില്‍ ഓള്‍ഔട്ടായി.
ALSO READ:IND VS SL: 'വേറെ ലെവല്‍'; കോലിയെ പൊക്കിയടിച്ച് ഡിവില്ലിയേഴ്‌സ്