രാജ്‌കോട്ട് :ശ്രീലങ്കയ്‌ക്ക് എതിരായ മൂന്നാം ടി20യിലെ വെടിക്കെട്ടിന് പിന്നാലെ സൂര്യകുമാര്‍ യാദവിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് ലോകം. രാജ്‌കോട്ടില്‍ നടന്ന മത്സരത്തില്‍ 51 പന്തില്‍ പുറത്താവാതെ 112 റണ്‍സുമായാണ് സൂര്യ കത്തിക്കയറിയത്. 7 ഫോറും 9 സിക്‌സും താരത്തിന്‍റെ ഇന്നിങ്‌സിന് അഴകായി.
ഇതിന് പിന്നാലെ സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായ സാക്ഷാല്‍ വിരാട് കോലി തന്നെ സൂര്യയെ പ്രശംസിച്ച് ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയിട്ടിരുന്നു. കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കാണുമ്പോഴുള്ള സൂര്യയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബിസിസിഐ ആണ് സൂര്യയുടെ വീഡിയോ പങ്കുവച്ചത്.
മത്സരത്തിന് ശേഷം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോഴാണ് സൂര്യ കോലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി കണ്ടത്. ബാറ്റും ഹെല്‍മറ്റും ഉയര്‍ത്തി സൂര്യ ആരാധകരെ അഭിവാദ്യം ചെയ്യുന്ന ഒരു ചിത്രമായിരുന്നുവിത്. ഇതിന് മറുപടിയായി 'സഹോദരാ ഒരുപാട് സ്‌നേഹം, ഉടനെ കാണാം' - എന്നാണ് സൂര്യ മറുപടി നല്‍കിയത്.