ഉജ്ജയിന്‍: പ്രസിദ്ധമായ മഹാകാലേശ്വര ക്ഷേത്രത്തിലെത്തി പ്രാര്‍ഥന നടത്തി ഇന്ത്യൻ ഓൾറൗണ്ടർ അക്‌സർ പട്ടേലും ഭാര്യ മേഹയും. തിങ്കളാഴ്‌ച പുലർച്ചെ ക്ഷേത്രത്തിലെത്തിയ താരങ്ങൾ ഭസ്‌മ ആരതിയിലും പങ്കെടുത്തു. ക്ഷേത്രത്തിലെ നന്ദിഹാളിൽ ഇരുന്നാണ് ദമ്പതികൾ ഭസ്‌മ ആരതി കണ്ടത്.
തുടർന്ന് ക്ഷേത്ര ശ്രീകോവിലിലെത്തി ജലാഭിഷേകവും ഇരുവരും നടത്തിയിരുന്നു. ക്ഷേത്ര പരിസരത്ത് രണ്ട് മണിക്കൂറിലധികം ചിലവഴിച്ചാണ് അക്‌സറും മേഹയും മടങ്ങിയത്. പൂജയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരുമായും അക്‌സര്‍ പട്ടേല്‍ സംവദിച്ചിരുന്നു. നേരത്തെ അഞ്ച് വര്‍ഷം മുമ്പ് താൻ ക്ഷേത്രത്തിലെത്തിയിരുന്നുവെന്നും എന്നാൽ അന്ന് ഭസ്‌മ ആരതിയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ലെന്നും താരം പറഞ്ഞു.
ഭസ്‌മ ആരതിയിൽ പങ്കെടുക്കാനുള്ള ഏറെ നാളായുള്ള തന്‍റെ സ്വപ്‌നം ഇന്ന് സഫലമായെന്നും 29കാരന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ജനുവരി 26നാണ് അക്‌സർ പട്ടേലും മേഹയും വിവാഹിതരാവുന്നത്. വഡോദരയില്‍ പരമ്പരാഗത രീതിയില്‍ വ്യാഴാഴ്‌ചയാണ് വിവാഹം നടന്നത്.
അക്‌സറിന്‍റെ ഡയറ്റീഷ്യനായിരുന്നു മേഹ പട്ടേല്‍. ഡേറ്റിങ്ങിലായിരുന്ന ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ നടന്നിരുന്നു. ഇന്ത്യന്‍ ഓപ്പണര്‍ കെഎൽ രാഹുലും ഭാര്യ ആതിയ ഷെട്ടിയും ഞായറാഴ്‌ച മഹാകാലേശ്വര ക്ഷേത്രത്തിലെത്തിയിരുന്നു. ക്ഷേത്ര സന്ദർശന വേളയിൽ മാധ്യമങ്ങളോട് അകലം പാലിക്കുകയായിരുന്നു ഇരുവരും ചെയ്‌തത്.