മുംബൈ : ഇന്ത്യന്‍ ടീമിലേക്ക് സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയുടെ (Jasprit Bumrah) തിരിച്ചുവരവിനായാണ് ആരാധക ലോകം കാത്തിരിക്കുന്നത്. പരിക്കുമായി ബന്ധപ്പെട്ട് ഏറെ നാളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ജസ്‌പ്രീത് ബുംറ ഓഗസ്റ്റില്‍ അയര്‍ലന്‍ഡിന് എതിരായ പര്യടനത്തിലൂടെ തിരിച്ചെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമില്‍ പൂര്‍ണ ഫിറ്റായ താരം പന്തെറിയാന്‍ തുടങ്ങിയെന്ന് ബിസിസിഐ അധികൃതര്‍ അടുത്തിടെ അറിയിച്ചിരുന്നു.
ദിവസവും എട്ട് ഓവര്‍ വരെ ബുംറ എറിയുന്നുണ്ടെന്നായിരുന്നു അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ തിരിച്ചുവരവില്‍ തന്‍റെ പഴയ വേഗത്തിലും താളത്തിലും പന്തെറിയാന്‍ 29-കാരനായ ബുംറയ്‌ക്ക് കഴിയുമോയെന്ന ആശങ്ക പങ്കുവച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫർ (Wasim Jaffer). ഇന്ത്യയുടെ ബോളിങ് യൂണിറ്റില്‍ പ്രധാനിയാണ് ബുംറയെങ്കിലും ഈ ചോദ്യം പ്രസക്തമാണെന്നാണ് വസീം ജാഫര്‍ പറയുന്നത്.
"ഇന്ത്യയുടെ ബോളിങ് യൂണിറ്റിന്‍റെ വലിയൊരു ഭാഗമാണ് ജസ്‌പ്രീത് ബുംറ. ലോകകപ്പിൽ ഇന്ത്യന്‍ ടീമില്‍ അദ്ദേഹത്തിന് വളരെ നിർണായകമായ റോൾ ഉണ്ടാകുമെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഡെത്ത് ബോളിങ്ങില്‍ നമുക്ക് അദ്ദേഹത്തെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ഈ വർഷം മുഴുവനും നമുക്ക് ബുംറയെ നഷ്ടമായി.
അദ്ദേഹം പൂര്‍ണ ഫിറ്റ്‌നസിലേക്ക് മടങ്ങിവരേണ്ടതുണ്ട്. എന്നിരുന്നാലും, ബുംറയ്‌ക്ക് തന്‍റെ പഴയ വേഗതയിലും താളത്തിലും പന്തെറിയാന്‍ കഴിയുമോ എന്നത് ഒരു ചോദ്യചിഹ്നമായിരിക്കും. ഒരു ഫോര്‍മാറ്റില്‍ മാത്രമല്ല, എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായ താരമാണ് ബുംറ. ഏറെ സമ്മര്‍ദ സാഹചര്യങ്ങളില്‍ ഇന്ത്യയെ നിരവധി മത്സരങ്ങളില്‍ വിജയത്തിലെത്തിക്കാന്‍ അവന് കഴിഞ്ഞിട്ടുണ്ട്. ലോകകപ്പിൽ ബുംറ തന്നെയാകും ഇന്ത്യയുടെ പേസ് യൂണിറ്റിനെ നയിക്കുക. അതിനാല്‍ ടൂര്‍ണമെന്‍റിന് മുമ്പ് താരം പൂര്‍ണമായും ഫിറ്റ്‌നസ് നേടേണ്ടത് വളരെ പ്രധാനമാണ്" - വസീം ജാഫര്‍ പറഞ്ഞു.