മുംബൈ: കൊവിഡ് സ്ഥിരീകരിച്ച ഇന്ത്യൻ യുവ സ്‌പിന്നർ വാഷിങ്ടണ്‍ സുന്ദറിനെ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കി. പകരം ജയന്ത് യാദവിനെ ടീമിൽ ഉൾപ്പെടുത്തി. കൂടാതെ പരിക്കിൽ നിന്ന് മുക്‌തനായി വരുന്ന മുഹമ്മദ് സിറാജിന്‍റെ ബാക്ക് അപ്പ് ആയി നവ്‌ദീപ് സെയ്‌നിയേയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കക്കതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി ബംഗളൂരുവിലെ ക്യാമ്പിൽ പരിശീലനത്തിലായിരുന്നു സുന്ദർ. ഇതിനിടെ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഏകദേശം പത്ത് മാസത്തോളമായി പരിക്കുമൂലം ടീമിന് പുറത്തായിരുന്നു സുന്ദർ.
ALSO READ:Washington Sundar: വാഷിങ്ടണ്‍ സുന്ദറിന് കൊവിഡ്, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പര നഷ്‌ടമാകും
രോഹിത് ശർമ്മക്ക് പരിക്കേറ്റതിനാൽ കെഎൽ രാഹുലിന്‍റെ നേത്യത്വത്തിലാണ് ഇന്ത്യൻ ടീം ദക്ഷിണാഫ്രിക്കയിലേക്കെത്തുന്നത്. ജസ്പ്രീത് ബുംറയാണ് ടീമിന്‍റെ ഉപനായകൻ. ജനുവരി 19,21,23 തീയതികളിലായാണ് ഏകദിന പരമ്പര നടക്കുക.
ഇന്ത്യൻ ടീം:കെഎൽ രാഹുൽ, ശിഖർ ധവാൻ, ഋതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, വെങ്കടേഷ് അയ്യർ, റിഷഭ് പന്ത്, ഇഷാൻ കിഷൻ, യൂസ്‌വേന്ദ്ര ചാഹൽ, ആർ അശ്വിൻ, ജസ്പ്രീത് ബുമ്ര, ഭുവനേശ്വർ കുമാർ, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ജയന്ത് യാദവ്, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹർ, നവദീപ് സെയ്‌നി