''ധോണി ഫിനിഷസ് ഓഫ് ഇന്‍ സ്റ്റൈല്‍ ആന്‍ഡ് ഇന്ത്യ ലിഫ്റ്റ് ദ വേള്‍ഡ് കപ്പ് ആഫ്‌റ്റര്‍ 28 ഇയേഴ്‌സ്...''2011 ഏകദിന ലോകകപ്പ് (ODI World Cup 2011) ടീം ഇന്ത്യ സ്വന്തമാക്കുമ്പോള്‍ ടെലിവിഷന് മുന്നില്‍ കളികണ്ടിരുന്നവരെ ആവേശത്തിലാക്കിയ രവി ശാസ്‌ത്രിയുടെ (Ravi Shastri Commentary ODI World Cup 2011) വാക്കുകളാണിത്. 12 വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാക്കാന്‍ രവി ശാസ്‌ത്രിയുടെ ഈ വാക്കുകള്‍ക്ക് സാധിക്കാറുണ്ട്. അതുപോലെ തന്നെയാണ് ഈ വാചകത്തിലെന്ന പോലെ എംഎസ് ധോണി മുംബൈ വാങ്കഡേ സ്റ്റേഡിയത്തിലെ ഗാലറിയിലേക്ക് അടിച്ചുപറത്തിയ സിക്‌സറും (MS Dhoni Winning Six ODI World Cup 2011).
കളിക്കുള്ളിലെ കഥയിങ്ങനെ: 1983ല്‍ ആദ്യമായി ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം (Indian Cricket Team) പിന്നീടൊരു കിരീടത്തിനായി കാത്തിരുന്നത് വര്‍ഷങ്ങളാണ്. പല പേരുകേട്ട വമ്പന്‍ താരങ്ങളും കിണഞ്ഞ് പരിശ്രമിച്ചിട്ടും കിട്ടാക്കനിയായി തുടര്‍ന്നിരുന്ന കിരീടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയതാകട്ടെ 2011ല്‍. 2003ല്‍ കയ്യെത്തും ദൂരത്ത് നഷ്‌ടമായ കിരീടം പിടിച്ചെടുക്കാന്‍ ടീം ഇന്ത്യയ്‌ക്ക് ലഭിച്ച അവസരം.
തിങ്ങി നിറഞ്ഞ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ 130 കോടി ജനതയുടെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാനുള്ള യാത്രയില്‍ ഇന്ത്യയുടെ എതിരാളിയായി എത്തിയത് ശ്രീലങ്കയായിരുന്നു. 2011 ഏപ്രില്‍ 2ന് നടന്ന മത്സരത്തില്‍ ലങ്കന്‍ പട മഹേല ജയവര്‍ധനയുടെ സെഞ്ച്വറിക്കരുത്തില്‍ നേടിയത് 274 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ തുടക്കം പാളിയ ടീം ഇന്ത്യയെ കരകയറ്റിയത് ഗൗതം ഗംഭീറിന്‍റെയും എംഎസ് ധോണിയുടെയും വിരാട് കോലിയുടെയും ഇന്നിങ്‌സും.