ഇസ്‌ലാമാബാദ്:ഏകദിന ലോകകപ്പിനായി (ODI World Cup 2023) ഇന്ത്യയിലെത്തും മുമ്പ് ദുബായില്‍ ക്യാമ്പ് ചെയ്യാമെന്ന പാകിസ്ഥാന്‍ ടീമിന്‍റെ പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതായി റിപ്പോര്‍ട്ട്. ലോകകപ്പ് കളിക്കുന്നതിനായി ഇന്ത്യയിലേക്ക് എത്തുന്നതിനുള്ള വിസ നടപടികള്‍ പൂര്‍ത്തിയാവാത്ത സാഹചര്യത്തിലാണ് ബാബര്‍ അസമിനും (Babar Azam) സംഘത്തിനും ദുബായിലെ പരിശീലനം ഒഴിവാക്കേണ്ടി വന്നത്. ഇന്ത്യയ്‌ക്കൊപ്പം ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന ഒമ്പത് ടീമുകളില്‍ പാകിസ്ഥാന് മാത്രമാണ് വിസ ലഭിക്കാത്തതെന്നുമാണ് ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
അടുത്ത ആഴ്‌ച ദുബായിലേക്ക് പറന്ന് സെപ്‌റ്റംബര്‍ 29-ന് ആദ്യ സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടും മുമ്പ് ഹൈദരാബാദില്‍ എത്താനായിരുന്നു പാക് ടീം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ഇതു ഉപേക്ഷിക്കേണ്ടി വന്നതോടെ കറാച്ചിയില്‍ ക്യാമ്പ് നടത്തിയാവും പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് എത്തുക. 2012-13 ന് ശേഷം ഇതാദ്യമായാണ് പാക് ടീം ഇന്ത്യന്‍ മണ്ണിലേക്ക് എത്തുന്നത്.
അന്ന് കളിച്ച വൈറ്റ് ബോള്‍ പരമ്പരയ്‌ക്ക് ശേഷം, ഇരു ടീമുകളും മറ്റൊരു ഉഭയ കക്ഷി പരമ്പരയ്‌ക്കായി അയല്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്‌തിട്ടില്ല. അതേസമയം ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിനെ അടുത്തിടെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിരുന്നു (ODI World Cup 2023 Pakistan Squad). ഏഷ്യ കപ്പിനിടെ (Asia Cup 2023) പരിക്കേറ്റ യുവ പേസര്‍ നസീം ഷായ്‌ക്ക് പാകിസ്ഥാന്‍ ടീമില്‍ ഇടം നേടാന്‍ കഴിഞ്ഞില്ല.