മുംബൈ: സാമ്പ്രദായിക രീതികളില്‍ നിന്നും മാറി തന്‍റേതായ ശൈലിയില്‍ ഇന്ത്യയ്‌ക്കായി ബാറ്റുകൊണ്ട് ഇതിഹാസം രചിച്ച താരമാണ് വിരേന്ദർ സേവാഗ്. നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറിക്കപ്പുറത്തേക്ക് പറത്തി ബോളര്‍മാരുടെ ചങ്കില്‍ തീ കോരിയിടുന്ന സെവാഗിന്‍റെ ആക്രമണ ബാറ്റിങ് ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. ആത്മവിശ്വാസവും ചങ്കുറപ്പുമായിരുന്നു സെവാഗിന്‍റെ പ്രകടനത്തിന് പിന്നില്‍.
മറ്റേതൊരു ബാറ്ററില്‍ നിന്നും വ്യത്യസ്‌തമായി വ്യക്തിഗത റെക്കോഡുകള്‍ക്ക് വലിയ വില കല്‍പ്പിക്കാത്തതായിരുന്നു താരത്തിന്‍റ കരിയര്‍. സെഞ്ചുറിക്ക് അടുത്ത് നില്‍ക്കെ പോലും വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതായിരുന്നു സെവാഗിന്‍റെ സ്വഭാവം. പലപ്പോഴും നേരെ വിപരീത ഫലത്തിലായിരുന്നു ഇതവസാനിച്ചിരുന്നത്.
തന്‍റെ ഈ ശൈലി മാറ്റാന്‍ ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നോട് നിര്‍ദേശിച്ചപ്പോഴുള്ള രസകരമായ ഒരു സംഭാഷണം ഓര്‍ത്തെടുത്തിരിക്കുകയാണിപ്പോള്‍ താരം. നിര്‍ണായ നാഴികകല്ലുകള്‍ക്ക് അരികെ നില്‍ക്കെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കരുതെന്ന് സച്ചിന്‍ ഒരിക്കല്‍ തന്നെ 'ഭീഷണി'പ്പെടുത്തിയെന്നാണ് വിരേന്ദർ സെവാഗ് പറയുന്നത്.
"ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന എന്‍റെ മനസില്‍ ബൗണ്ടറികളിലൂടെ കൂടുതൽ റൺസ് അടിച്ചെടുക്കണമെന്നാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതേ ചിന്താഗതിയാണ് ഞാന്‍ പുലര്‍ത്തിയത്. ഒരു സെഞ്ചുറി സ്കോർ ചെയ്യാൻ എത്ര ബൗണ്ടറികൾ വേണമെന്ന് ഞാൻ കണക്കാക്കാറുണ്ടായിരുന്നു.
ഞാന്‍ 90 റണ്‍സില്‍ കളിക്കുമ്പോള്‍ സെഞ്ചുറിയിലേക്ക് എത്താന്‍ 10 പന്തുകള്‍ എടുത്താല്‍, എതിരാളികള്‍ക്ക് എന്നെ പുറത്താക്കാന്‍ 10 പന്തുകൾ ലഭിക്കും. അതുകൊണ്ടാണ് ഞാൻ ബൗണ്ടറികൾക്ക് പോകാറുണ്ടായിരുന്നത്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ മൂന്നക്കം തൊടും മുമ്പ് എന്നെ തടയണമെങ്കില്‍ അവര്‍ക്ക് രണ്ട് പന്തുകള്‍ മാത്രമേ ലഭിക്കു. ഇതുവഴി അപകടസാധ്യത 100ൽ നിന്ന് 20 ശതമാനം ആയി കുറയുകയാണ്", സെവാഗ് പറഞ്ഞു.