ന്യൂഡല്‍ഹി:കരിയറില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ ഇഷ്‌ടപ്പെടുന്ന താരമാണ് വിരാട് കോലിയെന്ന് ഇന്ത്യയുടെ മുന്‍ ക്രിക്കറ്റര്‍ വീരേന്ദര്‍ സെവാഗ്. ക്രിക്‌ബസിന് നല്‍കിയ അഭിമുഖത്തിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. ഫോം വീണ്ടെടുക്കാന്‍ കോലി കരിയറിൽ ബ്രേക്ക് എടുക്കണോ എന്ന ചോദ്യത്തോടായിരുന്നു സെവാഗിന്‍റെ പ്രതികരണം.
'കരിയറിൽ വെല്ലുവിളി ഏറ്റെടുക്കാൻ ഇഷ്‌ടപ്പെടുന്ന കളിക്കാരുണ്ട്. അവർ മോശം ഫോമിനെയും വിമർശനങ്ങളെയും തമാശയായിട്ടെ കാണൂ. ഇതിനൊക്കെയും ഗ്രൗണ്ടിൽ റൺസടിച്ചുകൂട്ടി മറുപടി നൽകാനെ അവർ ശ്രമിക്കൂ. വിരാട് കോലി അത്തരമൊരു കളിക്കാരനാണ്.
എന്നാൽ മറ്റ് ചിലര്‍ ചുറ്റുമുള്ള വിമർശനങ്ങൾക്ക് ചെവികൊടുക്കും. അതിന് അനുസൃതമായി കരിയർ അവസാനിപ്പിക്കുകയും ചെയ്യും. വിമർശനങ്ങളെ താന്‍ കാര്യമാക്കിയിരുന്നില്ലെന്നും, പരമാവധി മത്സരങ്ങളിൽ കളിക്കുകയും റൺസ് നേടുകയും ചെയ്യുകയായിരുന്നു തന്‍റെ ലക്ഷ്യമെന്നും' സെവാഗ് പറഞ്ഞു.
വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിരുന്നു: ഇന്ത്യയുടെ ഏകദിന ടീമിന്‍റെ പ്ലേയിങ് ഇലവനില്‍ നിന്നും ഒഴിവാക്കിയപ്പോള്‍ വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായും സെവാഗ് വെളിപ്പെടുത്തി. എന്നാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തന്‍റെ മനസ് മാറ്റിയതെന്നും സെവാഗ് പറഞ്ഞു.
2008ല്‍ എംഎസ് ധോണിക്ക് കീഴില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ പര്യടനം നടത്തുമ്പോഴാണ് സെവാഗിനെ ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കിയത്. '2008ല്‍ ഞങ്ങള്‍ ഓസ്‌ട്രേലിയയില്‍ ആയിരിക്കുമ്പോഴാണ് വിരമിക്കലിനെക്കുറിച്ചുള്ള ചിന്ത എന്‍റെ മനസിലേക്ക് വന്നത്.
ടെസ്റ്റ് പരമ്പരയില്‍ 150 റണ്‍സ് സ്‌കോര്‍ ചെയ്‌ത് ഞാന്‍ തിരിച്ചുവരവ് നടത്തി. എന്നാല്‍ ഏകദിനത്തില്‍ മൂന്ന്-നാല് കളികളില്‍ അത്രയും റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ എംഎസ് ധോണി എന്നെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി. അപ്പോഴാണ് ഏകദിനത്തില്‍ നിന്ന് വിരമിച്ച് ടെസ്റ്റില്‍ തുടരുന്നതിനെ കുറിച്ച് ആലോചിച്ചത്', സെവാഗ് പറഞ്ഞു.
'സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അന്ന് എന്നെ വിരമിക്കല്‍ പ്രഖ്യാപിക്കുന്നതില്‍ നിന്ന് തടഞ്ഞത്. ഇത് കരിയറിലെ മോശം സമയമാണെന്നും കുറച്ചു സമയം കൂടി കാത്തിരിക്കാനും, പര്യടനത്തിന് ശേഷം നല്ലപോലെ ആലോചിച്ചശേഷം അടുത്തതെന്തെന്ന് തീരുമാനിക്കൂവെന്നും സച്ചിന്‍ ഉപദേശിച്ചു. ഭാഗ്യത്തിന് അന്ന് ഞാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചില്ല', സെവാഗ് പറഞ്ഞു.
ഏകദിനങ്ങളില്‍ തുടര്‍ന്നും ഇന്ത്യന്‍ കുപ്പായത്തിലിറങ്ങിയ വീരു സച്ചിന് ശേഷം ഏകദിന ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി. മൂന്ന് വർഷത്തിന് ശേഷം 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തിലും താരം പങ്കാളിയായി.