ന്യൂഡൽഹി :ക്രിക്കറ്റിൽ നിന്ന് വിരമിച്ച പ്രിയ സുഹൃത്ത് എബി ഡിവില്ലിയേഴ്‌സിന് വികാര നിർഭരമായ യാത്രയയപ്പ് നൽകി ഇന്ത്യൻ നായകൻ വിരാട് കോലി(VIRAT KOHLI). തന്‍റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് കോലി റോയൽ ചലഞ്ചേഴ്‌സ് ബാഗ്ലൂരിൽ തന്‍റെ സഹ കളിക്കാരനായ ഡിവില്ലിയേഴ്‌സിന് ആശംസകള്‍ നേര്‍ന്നത്.
'ഇത് കേട്ട് എന്‍റെ ഹൃദയം നുറുങ്ങുന്നു. പക്ഷേ എപ്പോഴത്തെയും പോലെ താങ്കൾക്കായും, കുടുംബത്തിനായും ഏറ്റവും മികച്ച തീരുമാനമാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഞങ്ങളുടെ കാലത്തെ ഏറ്റവും മികച്ച കളിക്കാരനും ഏറ്റവുമധികം പ്രചോദനം നൽകിയിട്ടുള്ള വ്യക്‌തിയുമാണ് താങ്കൾ. രാജ്യത്തിനായും, ആർസിബിക്കായും ഇതുവരെ ചെയ്‌ത കാര്യങ്ങളിൽ താങ്കൾക്ക് അഭിമാനിക്കാം സഹോദരാ. നമ്മുടെ ബന്ധം ക്രിക്കറ്റിനുമുപരിയാണ്. അത് എക്കാലത്തും അങ്ങനെ തന്നെ നിലനിൽക്കും'- കോലി ട്വിറ്ററിൽ കുറിച്ചു.
ആർസിബിക്കായി താങ്കൾ എല്ലാം നൽകി. ആർസിബിക്കും എനിക്കും താങ്കൾ എന്താണെന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല. താങ്കൾക്ക് വേണ്ടി ഉയരുന്ന ആർപ്പുവിളികൾ ചിന്നസ്വാമി സ്റ്റേഡിയം മിസ് ചെയ്യും. ഒപ്പം താങ്കളോടൊപ്പമുള്ള കളിയും ഞാൻ മിസ് ചെയ്യും. ഞാൻ എക്കാലത്തും നിങ്ങളുടെ നമ്പർ വണ്‍ ആരാധകനാണ്, കോലി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
മിസ്റ്റർ 360
ദക്ഷിണാഫ്രിക്കൻ ടീമിൽ നിന്ന് 2018ൽ വിരമിച്ചെങ്കിലും ഐപിഎല്ലിൽ(IPL) ഉൾപ്പടെയുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളിൽ താരം സജീവമായിരുന്നു. എന്നാൽ ഐപിഎൽ മെഗാലേലത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ഏവരെയും ഞെട്ടിച്ച് ആരാധകരുടെ എബിഡി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.
വളരെ മഹത്തരമായൊരു യാത്രയായിരുന്നു. എന്നാൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്. പൂർണമായും ആസ്വദിച്ചും ആവേശത്തോടെയുമാണ് ഞാൻ ക്രിക്കറ്റിനെ സമീപിച്ചത്. എന്നാൽ ഇപ്പോൾ ഈ 37-ാം വയസിൽ ആ തിളക്കം നിലനിർത്താനാകില്ല, ഡിവില്ലിയേഴ്‌സ് ട്വിറ്ററിൽ കുറിച്ചു.