മെല്‍ബണ്‍: ടി20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളെ അണിനിരത്തി ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. ഇന്ത്യന്‍ ടീമില്‍ നിന്നും സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ടീമിലിടം നേടി. ഇംഗ്ലണ്ടിനെ കിരീടത്തിലേക്ക് നയിച്ച ജോസ് ബട്‌ലറാണ് ടീമിന്‍റെ നായകന്‍.
ബട്‌ലറടക്കം നാല് ഇംഗ്ലീഷ് താരങ്ങള്‍ ടൂര്‍ണമെന്‍റ് ഇലവനില്‍ ഇടം നേടി. പാകിസ്ഥാനില്‍ നിന്ന് രണ്ട് താരങ്ങളും ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ ടീമുകളില്‍ നിന്നും ഓരോ താരങ്ങള്‍ വീതവും ലോക ഇലവനില്‍ ഇടം കണ്ടെത്തി.
ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബട്‌ലറും അലക്‌സ് ഹെയ്ല്‍സുമാണ് ടൂര്‍ണമെന്‍റ് ഇലവന്‍റെയും ഓപ്പണിങ് ജോഡി. മൂന്നാം നമ്പറില്‍ വിരാട് കോലിയും നാലാമനായി സൂര്യകുമാര്‍ യാദവുമെത്തും. ന്യൂസിലന്‍ഡിന്‍റെ ഗ്ലെന്‍ ഫിലിപ്‌സാണ് അഞ്ചാം ബാറ്റര്‍.
സിംബാബ്‌വെയുടെ സിക്കന്ദര്‍ റാസ, പാകിസ്ഥാന്‍റെ ഷദബ് ഖാന്‍, ഇംഗ്ലണ്ടിന്‍റെ സാം കറന്‍ എന്നിവരാണ് ഓള്‍റൗണ്ടര്‍മാര്‍. പാകിസ്ഥാന്‍റെ ഷഹീന്‍ ഷാ അഫ്രീദി, ദക്ഷിണാഫ്രിക്കയുടെ ആന്‍റിച്ച് നോര്‍ട്‌ജെ, ഇംഗ്ലണ്ടിന്‍റെ മാര്‍ക്ക് വുഡ് എന്നിവരാണ് പ്രധാന ബോളര്‍മാര്‍.