ചറ്റോഗ്രാം: ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യൻ റണ്‍ മെഷീൻ വിരാട് കോലി സ്വന്തമാക്കിയത്. മത്സരത്തിൽ 91 പന്തിൽ രണ്ട് സിക്‌സിന്‍റെയും 11 ഫോറിന്‍റെയും അകമ്പടിയോടെയാണ് കോലി 113 റണ്‍സ് സ്വന്തമാക്കിയത്. സെഞ്ച്വറി നേട്ടത്തോടെ പുതിയൊരു റെക്കോഡിലേക്കെത്താനും കോലിക്കായി.
ആകെ സെഞ്ച്വറികളുടെ എണ്ണത്തിൽ ഓസ്‌ട്രേലിയൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ പിൻതള്ളി രണ്ടാം സ്ഥാനത്തേക്കെത്തി. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് കോലി ഏകദിനത്തിൽ സെഞ്ച്വറി നേടുന്നത്. കൃത്യം പറഞ്ഞാൽ 1214 ദിവസങ്ങൾക്ക് ശേഷം. ബംഗ്ലാദേശിനെതിരെ തന്‍റെ 72-ാം സെഞ്ച്വറിയാണ് കോലി സ്വന്തമാക്കിയത്.
71 സെഞ്ച്വറിയുള്ള റിക്കി പോണ്ടിങ്ങിനെയാണ് താരം ഇതിലൂടെ മറികടന്നത്. 100 സെഞ്ച്വറികളുള്ള സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. ഇനി 28 സെഞ്ച്വറികൾ കൂടി നേടിയാൽ ഇന്ത്യൻ റണ്‍ മെഷീന് സച്ചിനെയും മറികടക്കാനാകും.
ഏകദിനത്തിൽ തന്‍റെ 44-ാം സെഞ്ച്വറിയാണ് കോലി മത്സരത്തിലൂടെ സ്വന്തമാക്കിയത്. ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിലും സച്ചിൻ ടെൻഡുൽക്കർ മാത്രമാണ് ഇനി കോലിക്ക് മുന്നിലുള്ളത്. 49 സെഞ്ച്വറികളാണ് സച്ചിന്‍റെ പേരിലുള്ളത്. ഏകദിനത്തിൽ ബംഗ്ലാദേശിനെതിരായ കോലിയുടെ മൂന്നാം സെഞ്ച്വറിയാണിത്.
സെഞ്ച്വറി നേട്ടത്തോടെ ബംഗ്ലാദേശിൽ 1000 റണ്‍സ് പൂർത്തിയാക്കാനും കോലിക്ക് സാധിച്ചു. ബംഗ്ലാദേശിൽ 1000 റണ്‍സ് തികയ്‌ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡിലേക്കെത്താനും കോലിക്കായി. 2010 മുതൽ 2022 വരെയുള്ള കാലയളവിൽ 18 ഏകദിങ്ങളിൽ നിന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. അഞ്ച് സെഞ്ച്വറികളും നാല് അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.