മുംബൈ: ഐപിഎല്ലിലെ എക്കാലത്തേയും മികച്ച താരമാണ് റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ നായകന്‍ വിരാട് കോലി. ഐപിഎല്ലിന്‍റെ തുടക്കം തൊട്ട് ബാംഗ്ലുരിന്‍റെ ഭാഗമായ താരം എട്ട് വര്‍ഷം ടീമിന്‍റെ നായക സ്ഥാനവും കൈയാളിയിരുന്നു. അവിസ്മരണീയമായ നിരവധി വിജയങ്ങള്‍ ബാംഗ്ലൂരിന് സമ്മാനിക്കാനായെങ്കിലും, നിർഭാഗ്യവശാൽ ഒരു കിരീടത്തിലേക്ക് ടീമിനെ നയിക്കാന്‍ കോലിക്ക് കഴിഞ്ഞിട്ടില്ല.
ഐപിഎല്ലിന്‍റെ ഫൈനലില്‍ മൂന്ന് തവണയെത്താന്‍ ബാംഗ്ലൂരിന് കഴിഞ്ഞിട്ടുണ്ടെങ്കിലും തോല്‍വിയായിരുന്നു ഫലം. അവസാനമായി 2016 ബാംഗ്ലൂര്‍ ഫൈനലിലെത്തിയത്. അന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ബാംഗ്ലൂരിനെ തോല്‍പ്പിച്ചത്. സീസണില്‍ മിന്നും ഫോമിലുണ്ടായിരുന്ന കോലി നാല് സെഞ്ചുറിയടക്കം 973 റണ്‍സാണ് അടിച്ചെടുത്തത്. ഈ റെക്കോഡ് ഇപ്പോഴും തകര്‍ക്കപ്പെട്ടിട്ടില്ല.
ഇപ്പോഴിതാ 2016ല്‍ ബംഗ്ലൂരിനും കോലിക്കും കിരീടം നേടാന്‍ കഴിയുമായിരുന്നു എന്നാണ് അന്ന് ടീമിനൊപ്പമുണ്ടായിരുന്ന ഓസീസ് താരം ഷെയ്ന്‍ വാട്‌സണ്‍ പറയുന്നത്. ഫൈനലില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 209 റണ്‍സിന്‍റെ ലക്ഷ്യം പിന്തുടര്‍ന്ന ബാംഗ്ലൂര്‍ കോലിയുടേയും ഗെയ്‌ലിന്‍റേയും അര്‍ധ സെഞ്ചുറികളുടെ മികവില്‍ പൊതുതിയെങ്കിലും എട്ട് റണ്‍സ് അകലെയാണ് വീണത്.
വാട്‌സണ്‍ എറിഞ്ഞ അവസാന ഓവറില്‍ അടിച്ചെടുത്ത 24 റണ്‍സാണ് ഹൈദരാബാദിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. ഇപ്പോളിതാ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ആ മത്സരത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വാട്‌സണ്‍.