നാഗ്‌പൂര്‍ :ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ വിജയമാണ് ഇന്ത്യ നേടിയത്. സ്‌പിന്നര്‍മാരായ ആര്‍ അശ്വിനും ജഡേയും അഞ്ച് വിക്കറ്റ് വീതം നേടി ഓസീസിനെ കറക്കി വീഴ്‌ത്തിയപ്പോള്‍ സെഞ്ചുറിപ്പോരാട്ടം നടത്തിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും നിര്‍ണായകമായി. മത്സരത്തില്‍ ഇന്ത്യയുടെ റണ്‍ മെഷീന്‍ വിരാട് കോലിക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ കളിക്കളത്തില്‍ മതിമറന്ന് ആഘോഷിക്കുന്ന കോലിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍റെ ഏറ്റവും പുതിയ ചിത്രമായ പഠാനിലെ "ജൂമേ ജോ പഠാൻ" എന്ന ഗാനത്തിനാണ് താരം ചുവടുവച്ചത്. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം ബൗണ്ടറിക്കരികില്‍ നില്‍ക്കെ ഗ്യാലറിയില്‍ നിന്നും ഉയര്‍ന്നുകേട്ട പാട്ടിനൊപ്പമായിരുന്നു കോലിയുടെ നൃത്തം.
വിരാട് കോലി നാഗ്‌പൂരില്‍ ഫീല്‍ഡിങ്ങിനിടെ പിന്നാലെ ജഡേജയും കോലിക്കൊപ്പം ചേരുന്നത് വീഡിയോയില്‍ കാണാം. നാഗ്‌പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ആതിഥേയര്‍ ജയം പിടിച്ചത്. മത്സരത്തില്‍ 26 പന്തില്‍ 12 റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ കഴിഞ്ഞത്.
കോലിക്ക് വിമര്‍ശനം:തുടക്കത്തില്‍ പ്രയാസപ്പെട്ട കോലി നേരിട്ട എട്ടാം പന്തില്‍ ടോഡ് മര്‍ഫിയ്‌ക്കെതിരെ ബൗണ്ടറി നേടിയായിരുന്നു തന്‍റെ അക്കൗണ്ട് തുറന്നത്. പിന്നീട് ഒരു ബൗണ്ടറി കൂടി അടിച്ച് നല്ല ടച്ചിലാണെന്നും താരം തോന്നിപ്പിച്ചു. എന്നാല്‍ തുടര്‍ന്നെത്തിയ ഉച്ചഭക്ഷണത്തിന് ശേഷമുള്ള ആദ്യ പന്തില്‍ തന്നെ കോലിയെ മര്‍ഫി തിരികെ കയറ്റുകയായിരുന്നു.
ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ പന്തില്‍ ഫ്‌ളിക്ക് ഷോട്ടിനായുള്ള കോലിയുടെ ശ്രമം വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യിലാണ് അവസാനിച്ചത്. താരത്തിന്‍റെ ബാറ്റിലും പാഡിലും ഉരസിയ പന്ത് ജഗ്‌ളിങ് ക്യാച്ചിലൂടെയാണ് ക്യാരി കയ്യിലൊതുക്കിയത്. ഔട്ടാകാന്‍ സാധ്യത കുറഞ്ഞ പന്തിലായിരുന്നു കോലിയുടെ പുറത്താവലെന്നത് നിരാശയായി.
കോലിയുടേത് ഏറ്റവും മോശം രീതിയിലുള്ള പുറത്താലാണെന്നാണ് കമന്‍ററി ബോക്‌സിലുണ്ടായിരുന്ന ഇന്ത്യയുടെ വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് പറഞ്ഞത്. പുറത്താവാന്‍ ഒട്ടനവധി വഴികളുണ്ടെന്നും താരം പറഞ്ഞു. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ടെസ്റ്റില്‍ മികച്ച റെക്കോഡാണ് കോലിക്കുള്ളത്.
നാഗ്‌പൂര്‍ ടെസ്റ്റിന് മുന്‍പ് 20 മത്സരങ്ങളിൽ 48.05 ശരാശരിയിൽ 1682 റൺസാണ് കോലി ഓസീസിനെതിരെ നേടിയിരുന്നത്. ഏഴ് സെഞ്ചുറികള്‍ ഉള്‍പ്പടെയാണ് താരത്തിന്‍റെ മിന്നും പ്രകടനം. നാല് മത്സര പരമ്പയിലെ തുടര്‍ന്നുള്ള കളികളില്‍ താരത്തിന് മികവിലേക്ക് ഉയരാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പണം വാരി പഠാന്‍ :നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിയേറ്ററിലെത്തിയ കിങ് ഖാന്‍ ചിത്രമാണ് പഠാന്‍. ചിത്രത്തിലെ "ജൂമേ ജോ പഠാൻ" എന്ന ഗാനത്തിന് കുമാറാണ് വരികള്‍ ഒരുക്കിയിരിക്കുന്നത്. വിശാലും ശേഖറും ചേർന്ന് സംഗീത സംവിധാനം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിങ്, സുകൃതി കക്കർ, വിശാൽ, ഷെയ്ഖർ എന്നിവർ ചേർന്നാണ്.
ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ കാറ്റില്‍ പറത്തി നിലവില്‍ തിയേറ്ററുകളില്‍ നിറഞ്ഞോടുകയാണ് പഠാന്‍. ജനുവരി 25ന് റിലീസായ ചിത്രം 17 ദിനം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നായി 901 കോടി രൂപ നേടിയെന്നാണ് റിപ്പോര്‍ട്ട്.