കേപ്‌ടൗണ്‍:ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റില്‍ ആറാട്ടാണ് മുഹമ്മദ് സിറാജ് നടത്തിയത്. (India vs South Africa) കേപ്‌ടൗണിലെ ക്യൂന്‍സ്‌ലാന്‍ഡ്‌സില്‍ ഒമ്പത് ഓവറില്‍ വെറും 15 റണ്‍സ് മാത്രം വിട്ടു നല്‍കി ആറ് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. മിയാന്‍റെ ടെസ്റ്റ് കരിയറില്‍ ഇതു വരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച പ്രകടനമാണിത്. (Mohammed Siraj Test record).
ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം, ഡീന്‍ എല്‍ഗാര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡിംഗ്ഹാം, കെയ്ല്‍ വെറെയ്‌നെ, മാര്‍കോ ജാന്‍സന്‍ എന്നിവരെയായിരുന്നു സിറാജ് പവലിയനിലേക്ക് തിരികെ അയച്ചത്. ഇതില്‍ ജാന്‍സന്‍റെ വിക്കറ്റ് ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയ്‌ക്ക് കൂടി അവകാശപ്പെട്ടതാണ്. ( Virat Kohli Instructs Mohammed Siraj to bowl Outswinger to Dismiss Marco Jansen)
കോലിയുടെ തന്ത്രത്തിന്‍റെ ചുവടുപിടിച്ചായിരുന്നു സിറാജ് ജാന്‍സന് മടക്ക ടിക്കറ്റ് നല്‍കിയത്. 16-ാം ഓവറിലെ അഞ്ചാം പന്തിലായിരുന്നു ജാന്‍സന്‍റെ പുറത്താവല്‍. സ്ലിപ്പില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു വിരാട് കോലി ഇതിന് തൊട്ടുമുമ്പെ ജാന്‍സന്‍ എഡ്‌ജാവുന്നതിനായി ഔട്ട് സ്വിങ്ങര്‍ എറിയാന്‍ സിറാജിനോട് ആംഗ്യം കാണിച്ചിരുന്നു. മുന്‍ നായകന്‍റെ നിര്‍ദേശം സിറാജ് അതേപടി നടപ്പാക്കിയതോടെ ജാന്‍സന്‍ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുലിന്‍റെ കയ്യില്‍ അവസാനിക്കുകയായിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക 23.2 ഓവറില്‍ വെറും 55 റണ്‍സിനായാണ് 10 വിക്കറ്റുകള്‍ നഷ്‌ടപ്പെടുത്തിയത്. 30 പന്തില്‍ 15 റണ്‍സ് നേടിയ കെയ്‌ല്‍ വെരെയ്‌ന, 17 പന്തില്‍ 12 റണ്‍സെടുത്ത ഡേവിഡ് ബെഡിങ്ഹാം എന്നിവര്‍ മാത്രമാണ് പ്രോട്ടീസ് നിരയില്‍ രണ്ടക്കം തൊട്ടത്. ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ, മുകേഷ് കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തിയിരുന്നു.