ലണ്ടൻ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ട് റെക്കോഡുകൾ സ്വന്തം പേരിൽ കുറിച്ച് ഇന്ത്യൻ നായകൻ വിരാട് കോലി. ഇതിൽ ഒരു റെക്കോർഡിൽ പിൻതള്ളിയത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെയെങ്കില്‍ അടുത്തതില്‍ മഹേന്ദ്ര സിങ് ധോണിയെ.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ എല്ലാ ഫോർമാറ്റിലുമായി വേഗത്തില്‍ 23,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് സച്ചിനെ മറികടന്ന് കോലി വ്യാഴാഴ്‌ച സ്വന്തമാക്കിയത്. 490 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. കോലി ഈ റെക്കോഡ് സ്വന്തമാക്കുമ്പോള്‍ സച്ചിനേക്കാള്‍ 32 ഇന്നിങ്‌സുകള്‍ കുറവാണെന്ന സവിശേഷതയുണ്ട്. സച്ചിന് ഇതിനായി 522 മത്സരങ്ങളാണ് വേണ്ടിവന്നത്.
കൂടാതെ ഈ നാഴികക്കല്ല് പിന്നിടുന്ന ഏഴാമത്തെ താരമാണ് കോലി. 544 മത്സരങ്ങളിൽ നിന്ന് ഈ നാഴികക്കല്ല് പിന്നിട്ട റിക്കി പോണ്ടിങ്ങാണ് പട്ടികയിൽ മൂന്നാമത്. കുമാര്‍ സംഗക്കാര (568), രാഹുല്‍ ദ്രാവിഡ് (576), മഹേല ജയവര്‍ധനെ (645) എന്നിവരാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 23,000 റണ്‍സ് പിന്നിട്ട മറ്റ് താരങ്ങള്‍.
ALSO READ :പതിനായിരം കടന്ന് പൊള്ളാര്‍ഡും, ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരം
രാജ്യത്തിന് പുറത്ത് ഏറ്റവുമധികം ടെസ്റ്റുകളിൽ ഇന്ത്യയെ നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന നേട്ടവും ഓവലിൽ കോലി സ്വന്തമാക്കി. ഇംഗ്ലണ്ടിൽ പത്താമത്തെ ടെസ്റ്റിലാണ് കോലി ഇന്ത്യയെ നയിക്കുന്നത്. ഒൻപത് ടെസ്റ്റുകളിൽ ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയെ നയിച്ച എം.എസ് ധോണിയെയാണ് കോലി പിന്നിലാക്കിയത്. പാക്കിസ്ഥാനിൽ എട്ട് ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച സുനിൽ ഗവാസ്കറാണ് പട്ടികയിൽ മൂന്നാമൻ.