കേരളം

kerala

ETV Bharat / sports

ഏഷ്യയിലെ ഏറ്റവും വരുമാനമുള്ള രണ്ടാമത്തെ കായിക താരമായി വിരാട് കോലി; ഒന്നാം സ്ഥാനത്ത് മറ്റൊരു വനിത താരം - നവോമി ഒസാക്ക

സ്‌പോർട്ടിക്കോയുടെ റിപ്പോർട്ടുകൾ പ്രകാരം 33.3 മില്യണ്‍ ഡോളറാണ് 2022ൽ കോലിയുടെ സമ്പാദ്യം

കോലി  വിരാട് കോലി  Virat Kohli  Kohli  വിരാട് കോലിയുടെ ആസ്ഥി  സ്‌പോർട്ടിക്കോ  Virat Kohli Asias second highest paid athlete  നവോമി ഒസാക്ക  Naomi Osaka
വിരാട് കോലി

By

Published : Jul 28, 2023, 11:05 PM IST

ടുത്തിടെയാണ് വിരാട് കോലിയുടെ ആസ്ഥി മൂല്യം 1000 കോടി കവിഞ്ഞതായുള്ള വാർത്തകൾ പുറത്തുവന്നത്. ഇപ്പോൾ സ്‌പോർട്ടിക്കോയുടെ 2022ൽ ലോകത്ത് ഏറ്റവുമധികം പ്രതിഫലം വാങ്ങിയ 100 കായിക താരങ്ങളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ഇന്ത്യയുടെ റണ്‍ മെഷീൻ. ഏഷ്യയിൽ നിന്ന് രണ്ട് കായിക താരങ്ങൾ മാത്രമാണ് ഈ പട്ടികയിൽ ഇടം നേടിയത്. ഇതിൽ 33.3 മില്യണ്‍ ഡോളർ വാർഷിക വരുമാനവുമായി 61-ാം സ്ഥാനത്താണ് വിരാട് കോലി.

പട്ടികയിൽ ഏഷ്യയിൽ ഒന്നാം സ്ഥാനത്തുള്ള കായിക താരം ജപ്പാന്‍റെ ടെന്നിസ് താരം നവോമി ഒസാക്കയാണ്. സ്‌പോർട്ടിക്ക റാങ്കിങ് പ്രകാരം 53.2 മില്യണ്‍ ഡോളറുമായി 20-ാം സ്ഥാനത്താണ് 25കാരിയായ ഒസാക്ക ഇടം പിടിച്ചത്. മത്സരങ്ങളിൽ നിന്നുള്ള പ്രൈസ് മണിയായി 1.2 മില്യണ്‍ ഡോളറും, പരസ്യങ്ങളിൽ നിന്ന് 52 മില്യണ്‍ ഡോളറുമാണ് ഒസാക്കയുടെ വരുമാനം.

പട്ടികയിൽ ടെന്നിസ് താരങ്ങളിൽ രണ്ടാം സ്ഥാനവും ഒസാക്കയ്‌ക്കാണ്. 2021ലെ പട്ടികയിൽ 15-ാം റാങ്കിലായിരുന്നു ഒസാക്ക. കരിയറിൽ രണ്ട് യുഎസ് ഓപ്പണും, രണ്ട് ഓസ്‌ട്രേലിയൻ ഓപ്പണും ഉൾപ്പെടെ നാല് ഗ്രാൻഡ്‌സ്ലാമുകൾ നേടിയിട്ടുള്ള ഒസാക്ക യുഎസ്, യൂറോപ്യൻ താരങ്ങൾ അടക്കിവാഴുന്ന പട്ടികയിലാണ് 20-ാം സ്ഥാനത്തേക്ക് എത്തിയത്.

അതേസമയം ഇന്ത്യൻ ദേശീയ ടീമിന് പുറമെ ഐപിഎൽ ഫ്രാഞ്ചൈസിയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളുരിന്‍റെയും താരമായ കോലി ശമ്പളത്തിൽ നിന്നും മത്സരങ്ങളിലെ സമ്മാനത്തുകയായും 2.9 മില്യണ്‍ ഡോളറും മറ്റ് മാർഗങ്ങൾ വഴി 31 മില്യണും സ്വന്തമാക്കി. 2021ൽ കോലി ഈ പട്ടികയിൽ 59-ാം റാങ്കിലായിരുന്നു. ഇത്തവണ താരത്തിന് രണ്ട് സ്ഥാനങ്ങൾ നഷ്‌ടമായി.

സഹസ്ര കോടിത്തിളക്കം : ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ സ്റ്റോക്ക് ഗ്രോയാണ് കോലിക്ക് 1,050 കോടി രൂപയുടെ ആസ്‌തിയുണ്ടെന്ന റിപ്പോർട്ടുകൾ അടുത്തിടെ പുറത്ത് വിട്ടത്. നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ഉയർന്ന ആസ്‌തിയാണിത്. ബിസിസിഐയുടെ എ പ്ലസ് ഗ്രേഡ് താരമായ കോലിക്ക് ഏഴ് കോടി രൂപയാണ് വാര്‍ഷിക പ്രതിഫലം ലഭിക്കുന്നത്.

ഇതിന് പുറമെ മാച്ച് ഫീ ആയി ടെസ്റ്റിന് 15 ലക്ഷവും ഏകദിനത്തിന് ആറ് ലക്ഷവും ടി20ക്ക് മൂന്ന് ലക്ഷവും ലഭിക്കുന്നുണ്ട്. ഐപിഎല്ലില്‍ കോലിക്ക് 16 കോടിയോളം രൂപയാണ് വാര്‍ഷിക പ്രതിഫലമായി ലഭിക്കുന്നത്. കൂടാതെ ബ്ലൂ ട്രൈബ്, യൂണിവേഴ്‌സല്‍ സ്‌പോർട്‌സ്ബിസ്, എം‌പി‌എൽ, സ്‌പോർട്‌സ് കോൺവോ എന്നിവ ഉൾപ്പെടുന്ന ഏഴ് സ്റ്റാർട്ടപ്പുകളിൽ താരം നിക്ഷേപം നടത്തിയിട്ടുണ്ട്.

18-ലധികം ബ്രാൻഡുകള്‍ക്കായും കോലി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പരസ്യത്തിനായി പ്രതിവർഷം 7.50 മുതൽ 10 കോടി വരെയാണ് കോലി ഈടാക്കുന്നത്. വിവിധ ബ്രാൻഡുകളുമായി ഒപ്പുവച്ച കരാറുകളിലൂടെ ഏകദേശം 175 കോടി രൂപയാണ് താരം ഓരോ വർഷവും സമ്പാദിക്കുന്നത്. സോഷ്യൽ മീഡിയയിൽ, ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഒരു പോസ്റ്റിന് യഥാക്രമം 8.9 കോടി രൂപയും 2.5 കോടി രൂപയുമാണ് കോലി ഈടാക്കുന്നത്.

രണ്ട് ആഢംബര വീടുകളാണ് കോലിക്കുള്ളത്. ഇതില്‍ മുംബൈയിലെ വീടിന് 34 കോടി രൂപയും ഗുരുഗ്രാമിലെ വീടിന് 80 കോടി രൂപയുമാണ് മതിപ്പ് വില കണക്കാക്കുന്നത്. 31 കോടി രൂപയുടെ ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരിക്കുന്ന എഫ്‌സി ഗോവ ഫുട്‌ബോൾ ക്ലബ്, ടെന്നീസ് ടീം, പ്രോ - റസ്‌ലിങ് ടീം എന്നിവയുടെ ഉടമസ്ഥാവകാശവും താരത്തിനുണ്ട്.

ABOUT THE AUTHOR

...view details