അഡ്‌ലെയ്‌ഡ്:ടി20 ലോകകപ്പിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി വിരാട് കോലി. ശ്രീലങ്കൻ ഇതിഹാസം മഹേല ജയവർധനയെ (1016) പിന്നിലാക്കിയാണ് ഇന്ത്യൻ റണ്‍ മെഷീൻ പുതിയ നേട്ടത്തിലേക്ക് എത്തിച്ചേർന്നത്. നിലവിൽ 1065 റണ്‍സാണ് കോലിയുടെ സമ്പാദ്യം. 12 അർധ സെഞ്ച്വറികളും ഇതിൽ ഉൾപ്പെടുന്നു.
വെസ്‌റ്റ് ഇൻഡീസ് താരം ക്രിസ് ഗെയിലാണ് (965) പട്ടികയിൽ മൂന്നാം സ്ഥാനത്ത്. ഇന്ത്യൻ നായകൻ രോഹിത് ശർമ (921) നാലാം സ്ഥാനത്തും, ശ്രീലങ്കൻ മുൻ താരം തിലകരത്‌നെ ദിൽഷൻ (897) അഞ്ചാം സ്ഥാനത്തുമുണ്ട്. നെതർലൻഡ്‌സിനെതിരായ മത്സരത്തിൽ തന്നെ കോലി ക്രിസ് ഗെയിലിനെ പിൻതള്ളി റണ്‍വേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിയിരുന്നു.
ഈ ലോകകപ്പിൽ ഇതുവരെയുള്ള നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് അർധസെഞ്ച്വറികൾ ഉൾപ്പെടെ 218 റണ്‍സാണ് കോലി അടിച്ചുകൂട്ടിയത്. ഇതിൽ മൂന്ന് മത്സരങ്ങളിലും താരം നോട്ടൗട്ട് ആയിരുന്നു. പാകിസ്ഥാനെതിരെ 82,നെതർലൻഡ്‌സിനെതിരെ 62*, ബംഗ്ലാദേശിനെതിരെ 64* എന്നിങ്ങനെയാണ് താരത്തിന്‍റെ സ്‌കോറുകൾ.
സച്ചിനെയും പിന്നിലാക്കി: കൂടാതെ ഓസ്‌ട്രേലിയൻ മണ്ണിൽ ഏറ്റവുമധികം റണ്‍സ് നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡും കോലി ബംഗ്ലാദേശിനെതിരായ മത്സരത്തിന് പിന്നാലെ സ്വന്തമാക്കി. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെയാണ് കോലി പിൻതള്ളിയത്. ഓസ്‌ട്രേലിയയിൽ കളിച്ച 67 മത്സരങ്ങളിൽ നിന്ന് 42.85 ശരാശരിയിൽ 3300 റണ്‍സാണ് സച്ചിൻ സ്വന്തമാക്കിയത്. എന്നാൽ 57 മത്സരങ്ങളിൽ നിന്ന് 56.77 ശരാശരിയിൽ 3350 റണ്‍സ് കോലി നേടി.
1991 റണ്‍സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും 1703 റണ്‍സ് നേടിയ വി വി എസ് ലക്ഷ്‌മണുമാണ് ഈ നേട്ടത്തില്‍ മൂന്നും നാലും സ്ഥാനങ്ങളിൽ. ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ വിദേശ ബാറ്റർമാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് നിലവില്‍ കോലിയുള്ളത്. 4529 റണ്‍സ് നേടിയ വിവിയന്‍ റിച്ചാര്‍ഡ്‌സ്, 4238 റണ്‍സ് നേടിയ ഡെസ്‌മണ്ട് ഹെയ്ന്‍സ്, 3370 റണ്‍സ് നേടിയ ബ്രയാന്‍ ലാറ എന്നീ ഇതിഹാസ താരങ്ങളാണ് ഈ പട്ടികയില്‍ കോലിക്ക് മുന്‍പിലുള്ളത്.