ന്യൂഡല്‍ഹി :ക്രിക്കറ്റ് കരിയറിലുടനീളം മാനസിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി. തന്‍റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരേ മുറിയില്‍ സമയം ചെലവഴിച്ചിരുന്നപ്പോഴും ഒറ്റപ്പെടല്‍ അനുഭവിച്ചിരുന്നു. ഇത്തരം അനുഭവങ്ങളിലൂടെ ഒരുപാട് ആളുകള്‍ കടന്ന് പോയിട്ടുണ്ടാകാമെന്നും ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിരാട് അഭിപ്രായപ്പെട്ടു.
സ്‌നേഹിക്കുകയും പിന്തുണയ്‌ക്കുകയും ചെയ്‌തിരുന്നവര്‍ക്കൊപ്പം ഒരു മുറിയില്‍ ചെലവഴിച്ച പല സമയങ്ങളിലും ഞാന്‍ ഒറ്റപ്പെടല്‍ അനുഭവിച്ചു. പലരും ഇത്തരം സാഹചര്യങ്ങളിലൂടെ ഒരു പക്ഷേ കടന്നുപോയിട്ടുണ്ടാകും. ഇത് വളരെ ഗുരുതരമായ ഒരു പ്രശ്‌നമാണ്.
ശക്തനാകാന്‍ ശ്രമിക്കുമ്പോഴെല്ലാം തിരിച്ചടികളെ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തരം സമ്മര്‍ദ സാഹചര്യങ്ങള്‍ ഓരോ കായിക താരത്തിനും സര്‍വസാധാരണമാണ്. അതില്‍ നിന്നും മോചനം നേടാന്‍ വിശ്രമമാണ് എല്ലാവര്‍ക്കും ആവശ്യമെന്നും കോലി പറഞ്ഞു. 2014 ലെ ഇംഗ്ലണ്ട് പര്യടനത്തിനിടെ താന്‍ വിഷാദരോഗത്തിന് കീഴ്‌പ്പെട്ടിരുന്നെന്നും കോലി വ്യക്തമാക്കി.
റണ്‍സ് കണ്ടെത്താനാകില്ലെന്ന തോന്നലോടെയാണ് രാവിലെ ഉണര്‍ന്നിരുന്നത്. ലോകത്ത് ഒറ്റപ്പെട്ടിരിക്കുന്നത് താന്‍ മാത്രമാണെന്ന തോന്നലും അന്ന് ഉണ്ടായിരുന്നതായി വിരാട് പറഞ്ഞു. ആ പരമ്പരയ്‌ക്ക് പിന്നാലെ ഫോമിലേക്ക് മടങ്ങിയെത്തിയ വിരാട് നിരവധി നേട്ടങ്ങളാണ് ക്രിക്കറ്റില്‍ നിന്ന് സ്വന്തമാക്കിയത്.
പഴയ ഫോമിന്‍റെ നിഴലിലാണ് ഇന്ന് വിരാട് കോലി എന്ന താരം. 2019-ന് ശേഷം അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാടിന് ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല. നിലവില്‍ വരാനിരിക്കുന്ന ഏഷ്യ കപ്പിനായുള്ള പരിശീലനത്തിലാണ് താരം.