ഓവല്‍: ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കായുള്ള വിരാട് കോലിയുടേയും ശുഭ്‌മാൻ ഗില്ലിന്‍റെയും പ്രകടനത്തില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. ഒരു ദശാബ്ദത്തിലേറെയായി കോലി ഇന്ത്യയ്‌ക്ക് മിന്നും പ്രകടനം നടത്തുമ്പോള്‍, വരും കാലങ്ങളിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് ഗില്‍ ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞു. ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായി ഗില്ലിന്‍റെ കഴിവുകളെ വാനോളം പുകഴ്‌ത്തിയിരിക്കുകയാണ് വിരാട് കോലി.
അസാമാന്യ പ്രതിഭയാണ് ശുഭ്‌മാന്‍ ഗില്ലെന്നാണ് കോലി പറയുന്നത്. "ക്രിക്കറ്റിനെ കുറിച്ച് ശുഭ്‌മാന്‍ ഗില്‍ എന്നോട് ധാരാളം സംസാരിച്ചിട്ടുണ്ട്. ഈ പ്രായത്തില്‍ തന്നെ അതിശയകരമായ കഴിവുള്ള അവന്‍, കാര്യങ്ങള്‍ ചോദിച്ച് പഠിക്കാന്‍ ഒരു മടിയും കാണിക്കാറില്ല. ക്രിക്കറ്റിന്‍റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ സ്ഥിരതയോടെ മികവ് കാട്ടാനുള്ള കഴിവും ആത്മവിശ്വാസവും അവനുണ്ട്.
പരസ്‌പര ബഹുമാനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഞങ്ങളുടെ ബന്ധം. തന്‍റെ കഴിവുകള്‍ മനസിലാക്കിക്കൊടുക്കാനും കൂടുതല്‍ ഉന്നതിയിലേക്ക് വളരാനും അവനെ സഹായിക്കാൻ എനിക്ക് ഏറെ താത്‌പര്യമുണ്ട്. അതുവഴി അവന് ദീർഘകാലം കളിക്കാനും സ്ഥിരതയാർന്ന പ്രകടനം നടത്താനും കഴിയും.
ഇന്ത്യൻ ക്രിക്കറ്റിനാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. ഗില്ലിനെപ്പോലെ കാര്യങ്ങള്‍ കൂടുതല്‍ പഠിക്കാൻ താത്‌പര്യപ്പെടുന്ന താരങ്ങള്‍ കൂടുതല്‍ മികവിലേക്ക് ഉയരും", വിരാട് കോലി പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ തനിക്ക് ലഭിച്ച 'കിങ്' ടാഗിനെക്കുറിച്ചും ഗില്ലിന് ലഭിച്ച 'പ്രിന്‍സ്' ടാഗിനെക്കുറിച്ചും കോലി സംസാരിച്ചു. "കിങ്, പ്രിന്‍സ് വിളികളൊക്കെ ആരാധകര്‍ക്കും പൊതുജനങ്ങള്‍ക്കും ഹരമാണ്. എന്നാല്‍ ഏതൊരു മുതിർന്ന കളിക്കാരന്‍റെയും കടമ യുവതാരങ്ങളെ മെച്ചപ്പെടുത്തുകയും അവരുടെ കരിയറിലുടനീളം ഉള്ള ഉൾക്കാഴ്ച നൽകാനും സഹായിക്കുക എന്നതാണ്", കോലി പറഞ്ഞു.