അഹമ്മദാബാദ്:ഒരു ഓവറില്‍ ആറ് സിക്‌സ് അടിച്ച യുവ്‌രാജ് സിങിന്‍റെ പ്രകടനം ക്രിക്കറ്റ് ആരാധകർ മറന്നിട്ടുണ്ടാകില്ല. എന്നാല്‍ ഒരു ഓവറില്‍ ഏഴ് സിക്‌സ് അടിച്ചാണ് ഇന്ത്യൻ താരം റിതുരാജ് ഗെയ്‌ക്‌വാദ് ഇന്ന് ക്രിക്കറ്റ് ആരാധകർക്ക് വിരുന്നൊരുക്കിയത്. വിജയ് ഹസാരെ ട്രോഫിയിൽ മഹാരാഷ്‌ട്രയ്‌ക്കായാണ് നായകൻ കൂടിയായ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ വിളയാട്ടം.
ഉത്തര്‍പ്രദേശിനെതിരായ മത്സരത്തില്‍ ഒരു ഓവറിൽ ഏഴ് സിക്‌സറുകളടിച്ച റിതുരാജ് നേടിയത് ലോക റെക്കോഡ് കൂടിയാണ്. മഹാരാഷ്‌ട്ര ഇന്നിങ്‌സിലെ 49ാം ഓവറില്‍ ഇടങ്കയ്യന്‍ സ്‌പിന്നര്‍ ശിവ സിങ്ങാണ് റിതുരാജിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്. ശിവയുടെ ഒരു പന്ത് നോബോളായതോടെയാണ് ഓവറിലെ ഏഴ് പന്തിലും സിക്‌സ് അടിച്ചത്.
ലിസ്റ്റ് എ ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ ആദ്യമായാണ് ഒരു താരം ഒരു ഓവറില്‍ ഏഴ് സിക്‌സുകളടിക്കുന്നത്. വെല്ലിംഗ്ടണിൽ നടന്ന ഷെൽ ട്രോഫി മത്സരത്തിൽ എട്ട് സിക്സറുകൾ നേടിയ ന്യൂസിലൻഡിന്‍റെ ലീ ജെർമന്‍റെ പേരിലാണ് ഒരു ഓവറില്‍ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ റെക്കോഡ്. സർ ഗാർഫീൽഡ് സോബേഴ്‌സ്, രവി ശാസ്ത്രി, ഹെർഷൽ ഗിബ്‌സ്, യുവരാജ് സിങ്, റോസ് വൈറ്റ്‌ലി, ഹസ്ത്രത്തുള്ള സസായി, ലിയോ കാർട്ടർ, കീറോൺ പൊള്ളാർഡ്, തിസാര പെരേര എന്നിവര്‍ ഒരു ഓവറിൽ തുടർച്ചയായി ആറ് സിക്‌സുകള്‍ നേടിയിട്ടുണ്ട്.
ഇന്നത്തെ മത്സരത്തില്‍ 159 പന്തില്‍ പുറത്താകാതെ 220 റണ്‍സാണ് റിതുരാജ് ഗെയ്‌ക്‌വാദ് അടിച്ച് കൂട്ടിയത്. 10 ഫോറും 16 സിക്‌സറുകളും അടങ്ങുന്നതായിരുന്നു റിതുരാജിന്‍റെ ഇന്നിങ്‌സ്. ഇതോടെ ഉത്തര്‍പ്രദേശിനെതിരെ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 330 റണ്‍സെന്ന മികച്ച സ്‌കോറിലെത്താനും മഹാരാഷ്‌ട്രയ്‌ക്ക് കഴിഞ്ഞു.
Also read:'പ്രിയപ്പെട്ട ഇടങ്കയ്യന്‍'; അര്‍ഷ്‌ദീപിനെ പുകഴ്‌ത്തി ഓസീസ് ഇതിഹാസം ബ്രെറ്റ് ലീ