മുംബൈ: വനിത ഐപിഎല്ലിന്‍റെ സംപ്രേഷണാവകാശം സ്വന്തമാക്കി റിലയന്‍സ് ഇന്‍ഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം18. 2023 മുതല്‍ 2027 വരെയുള്ള അഞ്ച് വര്‍ഷത്തേക്ക് 951 കോടി രൂപക്കാണ് വയാകോം18 സംപ്രേഷണാവകാശം നേടിയിരിക്കുന്നത്. ഓരോ മത്സരത്തിനും 7.09 കോടി രൂപയാണ് വയാകോം ബിസിസിഐക്ക് നല്‍കുക.
ഇക്കാര്യം സ്ഥിരീകരിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ഇതാദ്യമായാണ് വനിത ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണാവകാശം ബിസിസിഐ ലേലം ചെയ്യുന്നത്.സംപ്രേഷണാവകാശം നേടാനായി ഡിസ്‌നി+ഹോട്സ്റ്റാര്‍, സോണി, സീ എന്നീ ബ്രോഡ്‌കാസ്റ്റര്‍മാരും ലേലത്തില്‍ പങ്കെടുത്തിരുന്നു.
വിമൻസ് ടി20 ചലഞ്ച് എന്ന പേരില്‍ നടത്തിയിരുന്ന എക്‌സിബിഷൻ ടൂര്‍ണമെന്‍റ് വനിത ഐപിഎല്‍ ആക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐ തീരുമാനമെടുത്തത്. സ്റ്റാര്‍ സ്പോര്‍ട്‌സ് ആയിരുന്നു വിമൻസ് ടി20 ചലഞ്ച് സംപ്രേഷണം ചെയ്‌തിരുന്നത്. ഓരോ മത്സരത്തിനും 2.5 കോടി രൂപയായിരുന്നു സ്റ്റാര്‍ സ്പോര്‍ട്‌സ് ബിസിസിഐക്ക് നല്‍കിയിരുന്നത്.
അതേസമയം വനിത ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ അടുത്ത മാര്‍ച്ച് മാസത്തിലാണ് ഷെഡ്യൂൾ ചെയ്‌തിരിക്കുന്നത്. മത്സരക്രമം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ലെങ്കിലും മാര്‍ച്ച് 5 നും 23 നും ഇടയിൽ ടൂര്‍ണമെന്‍റ് നടക്കുമെന്നാണ് സംസാരം. വനിത ഐപിഎല്‍ ടീമുകളുടെ ലേലത്തിനായുള്ള നടപടികള്‍ ബിസിസിഐ ഇതിനകം തന്നെ തുടങ്ങിയിട്ടുണ്ട്.
ALSO READ:Watch: കിളി പാറി കരുണരത്‌നെ; സിറാജിന്‍റെ തകര്‍പ്പന്‍ ഡയറക്‌ട് ഹിറ്റ് കാണാം