ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ശ്രീലങ്കന്‍ മുന്‍ താരം എയ്‌ഞ്ചലോ മാത്യൂസിന്‍റെ (Angelo Mathews) ടൈംഡ് ഔട്ട് വിക്കറ്റും (Timed Out Wicket) അതിനെ ചുറ്റിപ്പറ്റിയുള്ള വാദപ്രതിവാദങ്ങളുമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാവിഷയം. ഇന്നലെ (നവംബര്‍ 6) ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക, ബംഗ്ലാദേശ് മത്സരത്തിനിടെ ആയിരുന്നു എയ്‌ഞ്ചലോ മാത്യൂസ് ടൈംഡ് ഔട്ടിലൂടെ പുറത്തായത് (Angelo Mathews timed out dismissal). മത്സരത്തില്‍ ശ്രീലങ്കന്‍ ഇന്നിങ്‌സിന്‍റെ 25-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍ക്ക് അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയം വേദിയായത്.
ഓവറിലെ രണ്ടാം പന്തില്‍ ബാറ്റര്‍ സദീര സമരവിക്രമയുടെ വിക്കറ്റ് ലങ്കയ്‌ക്ക് നഷ്‌ടപ്പെട്ടു. ഇതോടെ ക്രീസിലേക്ക് എത്തിയ എയ്‌ഞ്ചലോ മാത്യൂസിന് ഹെല്‍മറ്റ് സ്ട്രാപ്പിന്‍റെ തകരാര്‍ മൂലം നിശ്ചിത സമയത്തിനുള്ളില്‍ ബാറ്റ് ചെയ്യുന്നതിന് തയ്യാറാകാന്‍ സാധിക്കാതെ വന്നു. ഉപയോഗിക്കാന്‍ കഴിയാത്ത ഹെല്‍മറ്റിന് പകരം ഡഗ് ഔട്ടില്‍ നിന്നും മറ്റൊരു ഹെല്‍മറ്റ് കൊണ്ട് വരാന്‍ താരം നിര്‍ദേശം നല്‍കിയെങ്കിലും ഇത് ഗ്രൗണ്ടിലേക്ക് എത്തിക്കാനും വൈകിപ്പോയി.
ഇതിന് പിന്നാലെ ആയിരുന്നു ബംഗ്ലാദേശ് താരങ്ങള്‍ മാത്യൂസിന്‍റെ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തത്. ബംഗ്ലാദേശ് നായകന്‍ ഷാകിബ് അല്‍ ഹസനോട് കാര്യങ്ങള്‍ പറഞ്ഞ് അപ്പീല്‍ പിന്‍വലിപ്പിക്കാനുള്ള ശ്രമം എയ്‌ഞ്ചലോ മാത്യൂസ് നടത്തിയിരുന്നു. എന്നാല്‍, അപ്പീല്‍ പിന്‍വലിക്കാന്‍ ഷാകിബ് തയ്യാറാകാത്തതോടെ മാത്യൂസ് തിരികെ പവലിയനിലേക്ക് മടങ്ങി വരികയായിരുന്നു. ഈ സംഭവത്തില്‍ ഷാകിബ് മാത്യൂസിനെതിരായ അപ്പീല്‍ പിൻവലിക്കാതിരുന്നതില്‍ അതിശയിക്കാനൊന്നുമില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം വെങ്കടേഷ് പ്രസാദിന്‍റെ പ്രതികരണം (Venkatesh Prasad).