മുംബൈ : ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും മോശം ഫോമിലുള്ള കെഎല്‍ രാഹുലിന് അവസരം നല്‍കിയതിനെതിരെ വമ്പന്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കളിച്ച രണ്ട് മത്സരങ്ങളിലും വമ്പന്‍ പരാജയമായ രാഹുല്‍ ടീമില്‍ നിന്നും പുറത്താകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ക്കുള്ള സ്‌ക്വാഡിലും രാഹുലിനെ സെലക്‌ടര്‍മാര്‍ നിലനിര്‍ത്തിയത് ഏവരെയും അമ്പരപ്പിക്കുന്നതായിരുന്നു.
ഉപനായക സ്ഥാനത്ത് നിന്നും 30കാരനെ മാറ്റിയെന്നത് മാത്രമായിരുന്നു ഏകമാറ്റം. മിന്നും ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെയും ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ച് കൂട്ടുന്ന സര്‍ഫറാസ് ഖാനേയും പോലുള്ളവരെ തഴഞ്ഞതോടെയാണ് രാഹുലിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിച്ചത്. ഇതുസംബന്ധിച്ച് ഉയര്‍ന്നുവന്ന ചോദ്യങ്ങളെ രാഹുല്‍ ദക്ഷിണാഫ്രിക്കയിലും ഇംഗ്ലണ്ടിലും നേടിയ സെഞ്ചുറികള്‍ പറഞ്ഞാണ് ടീം മാനേജ്‌മെന്‍റ് പ്രതിരോധിച്ചിരുന്നത്.
ഇക്കാര്യത്തില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് എന്നിവര്‍ക്കെല്ലാം ഒരേ സ്വരമായിരുന്നു. എന്നാല്‍ ഇവരുടെ വാദങ്ങള്‍ പൊളിച്ചടുക്കുന്ന കണക്കുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. രോഹിത്തും ദ്രാവിഡും പറയുന്നത് പോലെ രാഹുല്‍ വിദേശത്ത് വലിയ സംഭവമൊന്നുമല്ലെന്നാണ് പ്രസാദ് ട്വിറ്ററിലൂടെ സമര്‍ഥിക്കുന്നത്.
വിദേശത്ത് കളിച്ച 56 ഇന്നിങ്‌സുകളില്‍ കര്‍ണാടക താരത്തിന്‍റെ ബാറ്റിങ് ശരാശരി 30 മാത്രമാണെന്നും വെങ്കിടേഷ് പ്രസാദ് ചൂണ്ടിക്കാട്ടി. "കെഎൽ രാഹുലിന് മികച്ച വിദേശ ടെസ്റ്റ് റെക്കോഡ് ഉണ്ടെന്ന് ഒരു കാഴ്ചപ്പാടുണ്ട്. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ മറിച്ചാണ് സംസാരിക്കുന്നത്.
56 ഇന്നിങ്‌സുകളില്‍ 30 മാത്രമാണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. വിദേശത്ത് ആറ് സെഞ്ചുറികള്‍ നേടാന്‍ രാഹുലിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ തവണ കുറഞ്ഞ സ്കോറുകളിലാണ് പുറത്തായത്. അതിനാലാണ് ബാറ്റിങ് ശരാശരി കുറവായത്" - വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്‌തു.