മുംബൈ: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പേസര്‍ വെങ്കിടേഷ് പ്രസാദ്. ടെസ്റ്റ് ക്രിക്കറ്റ് മാറ്റി നിര്‍ത്തിയാല്‍ മറ്റ് രണ്ട് ഫോര്‍മാറ്റിലും ഇന്ത്യ വെറും സാധാരണ ടീമാണ്. പണവും അധികാരവും ഉണ്ടായിരുന്നിട്ടും, മികച്ച നിലയിലേക്ക് വളരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നുമാണ് വെങ്കിടേഷ് പ്രസാദിന്‍റെ വാക്കുകള്‍.
രണ്ട് വ്യത്യസ്‌ത ട്വീറ്റുകളിലൂടെയാണ് വെങ്കിടേഷ് പ്രസാദ് രോഹിത് ശര്‍മയ്‌ക്കും കൂട്ടര്‍ക്കും എതിരെ ആഞ്ഞടിച്ചത്. "ടെസ്റ്റ് ക്രിക്കറ്റ് മാറ്റിനിർത്തിയാൽ, കുറച്ചുകാലമായി മറ്റ് രണ്ട് ഫോർമാറ്റുകളിലും ഇന്ത്യ വളരെ സാധാരണമായ ടീമാണ്. ബംഗ്ലാദേശിനും ദക്ഷിണാഫ്രിക്കയ്‌ക്കും ഓസ്‌ട്രേലിയയ്‌ക്കും എതിരായ ഏകദിന പരമ്പരകള്‍ തോറ്റു.
കഴിഞ്ഞ രണ്ട് ടി20 ലോകകപ്പുകളിലും ദയനീയ പ്രകടനമായിരുന്നു നടത്തിയത്. നിലവിലെ ഇംഗ്ലണ്ടിനെപ്പോലെ ആവേശകരമായ ഒരു ടീമോ, ഒരു കാലത്ത് ഓസീസിനെപ്പോലെ ആരും ഭയപ്പെടുന്ന ഒരു ടീമോ അല്ല ഇപ്പോഴത്തെ ഇന്ത്യ", വെങ്കിടേഷ് പ്രസാദ് ട്വീറ്റ് ചെയ്തു.
കളിയോടുള്ള സമീപനവും മനോഭാവവുമാണ് നിശ്ചിത കാലയളവില്‍ ടീമിന്‍റെ മോശം പ്രകടനത്തിന് പിന്നിലെന്നും വെങ്കിടേഷ് പ്രസാദ് മറ്റൊരു ട്വീറ്റിലൂടെ ആരോപിച്ചു. "പണവും അധികാരവും ഉണ്ടായിരുന്നിട്ടും, മികച്ച നിലയിലേക്ക് വളരാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ല. ചാമ്പ്യൻ വശങ്ങളിൽ നിന്നും നമ്മള്‍ ഇപ്പോള്‍ വളരെ അകലെയാണ്.
ഓരോ ടീമും ജയിക്കാൻ വേണ്ടിയാണ് കളിക്കുന്നത്, ഇന്ത്യയും അതുപോലെ തന്നെയാണ്. എന്നാൽ അവരുടെ സമീപനവും മനോഭാവവും ഒരു നിശ്ചിത കാലയളവിൽ മോശം പ്രകടനത്തിനുള്ള ഒരു ഘടകമാണ്"- പ്രസാദ് വ്യക്തമാക്കി.
അതേസമയം ബ്രിഡ്ജ്ടൗണിലെ കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 40.5 ഓവറില്‍ 181 റണ്‍സിന് ഓള്‍ ഔട്ടായി. ഇഷാന്‍ കിഷന്‍ അര്‍ധ സെഞ്ചുറിയുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. 55 പന്തുകളില്‍ 55 റണ്‍സാണ് ഇഷാന്‍ കണ്ടെത്തിയത്.
നാല് ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്. ശുഭ്‌മാന്‍ ഗില്‍ (49 പന്തുകളില്‍ 34), സൂര്യകുമാര്‍ യാദവ് (25 പന്തുകളില്‍ 24), രവീന്ദ്ര ജഡേജ (21 പന്തുകളില്‍ 10), ശാര്‍ദുല്‍ താക്കൂര്‍ (22 പന്തുകളില്‍ 16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. സഞ്‌ജു സാംസണ്‍ (19 പന്തുകളില്‍ 9), അക്‌സര്‍ പട്ടേല്‍ (8 പന്തില്‍ 1), ഹാര്‍ദിക് പാണ്ഡ്യ (14 പന്തുകളില്‍ 7), ഉമ്രാന്‍ മാലിക് (2 പന്തുകളില്‍ 0), മുകേഷ് കുമാര്‍ (7 പന്തുകളില്‍ 6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങള്‍ നേടിയത്.
23 പന്തുകളില്‍ 8 റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താവാതെ നിന്നു. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 36.4 ഓവറില്‍ നാല് വിക്കറ്റുകള്‍ മാത്രം നഷ്‌ടപ്പെടുത്തി 182 റണ്‍സ് എടുത്താണ് വിജയം ഉറപ്പിച്ചത്.
ALSO READ:WI vs IND | ഇങ്ങനെയെങ്കില്‍ ലോകകപ്പ് സ്വപ്‌നം കാണണ്ട, ദ്രാവിഡിനെ തെറിപ്പിക്കൂ ; ഇന്ത്യന്‍ പരിശീലകനെതിരെ ട്വിറ്ററില്‍ രോഷം പുകയുന്നു