ദുബായ് : അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്‍റിൽ കുറ്റൻ വിജയത്തോടെ തുടക്കം കുറിച്ച് ഇന്ത്യ. ആതിഥേയരായ യു.എ.ഇക്കെതിരെ 154 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണർ ഹർനൂർ സിങ്ങിന്‍റെ(120) സെഞ്ച്വറി മികവിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 282 റണ്‍സ് നേടിയപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ യുഎഇ 34.3 ഓവറിൽ 128 റണ്‍സിന് ഓൾ ഔട്ട് ആവുകയായിരുന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർ ആംഗ്രിഷ് രഘുവംശിയെ തുടക്കത്തിലേ നഷ്‌ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ക്രീസിലെത്തിയ ഷെയ്‌ഖ് റഷീദിനെ കൂട്ടുപിടിച്ച് ഹർനൂർ സിങ് ഇന്ത്യയുടെ സ്കോർ ഉയർത്തി. എന്നാൽ ടീം സ്കോർ 95 ൽ നിൽക്കെ റഷീദിനെ(35) ഇന്ത്യക്ക് നഷ്‌ടമായി.
പിന്നാലെ ഒന്നിച്ച ക്യാപ്‌റ്റൻ യാഷ് ധുള്ളും ഹർനൂറും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിൽ എത്തിച്ചു. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 119 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. പിന്നാലെ ഹർനൂർ പുറത്തായി. എന്നാൽ അവസാന ഓവറുകളിൽ തകർത്തടിച്ച രാജ്‌വർധൻ ഹങ്കരേക്കർ(23 പന്തിൽ 48) ഇന്ത്യയെ കൂറ്റൻ സ്കോറിലേക്ക് എത്തിച്ചു.